സിനിമാ മേഖലയില്‍നിന്നും തനിക്ക് ഒന്നിലേറെ തവണ കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുര്‍വീന്‍ ചൗള. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ദുരനുഭവങ്ങളിലൊന്ന് വിവാഹശേഷമായിരുന്നു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമായിരുന്നു ഇതെന്നും സുര്‍വീന്‍ പറഞ്ഞു.
വീര ദേശായി റോഡില്‍ വെച്ചുണ്ടായ അനുഭവമാണ് അഭിമുഖത്തില്‍ സുര്‍വീന്‍ ആദ്യം പറഞ്ഞത്. ‘സംവിധായകന്റെ ഓഫീസ് ക്യാബിനില്‍വെച്ച് ഒരു മീറ്റിംഗ് നടന്നു. പിന്നീട് ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്നും എന്റെ ഭര്‍ത്താവ് എന്തു ചെയ്യുന്നുവെന്നും സംവിധായകന്‍ ചോദിച്ചു.
ഇക്കാര്യങ്ങളെല്ലാം ക്യാബിനില്‍വെച്ച് നേരത്തേതന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോള്‍ അയാള്‍ എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. എനിക്ക് അദ്ദേഹത്തെ തള്ളിമാറ്റേണ്ടി വന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് ഞാന്‍ അവിടന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം.’ സുര്‍വീന്‍ പറഞ്ഞു.
ഒരു ദക്ഷിണേന്ത്യന്‍ സംവിധായകനില്‍നിന്ന് നേരിട്ട ദുരനുഭവമാണ് അവര്‍ പിന്നീട് പറഞ്ഞത്. കിടക്ക പങ്കിടണമെന്ന് ഒരു സംവിധായകന്‍ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാന്‍ കഴിയാത്ത ആ സംവിധായകന്‍ പരിഭാഷകനെ ഉപയോഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുര്‍വീന്‍ കൂട്ടിച്ചേര്‍ത്തു.