വിവാദങ്ങൾക്കൊടുവിൽ വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ‘ജെഎസ്‌കെ (ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള)’യുടെ ആദ്യപ്രദർശനത്തിന് ചിത്രത്തിലെ നായകനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയും. രാവിലെയുള്ള പ്രദർശനത്തിനാണ് മകൻ ഗോകുൽ സുരേഷിനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം അദ്ദേഹം രാഗം തിയേറ്ററിലെത്തിയത്.
ജീവിതത്തിൽ ഇന്നേവരെ കടന്നുവന്ന സ്ത്രീകളോടാരോടെങ്കിലും താൻ അറിയാതെ തെറ്റുചെയ്തുപോയിട്ടുണ്ടെങ്കിൽ അതിനെല്ലാമുള്ള ഏറ്റുപറച്ചിലും മാപ്പുപറച്ചിലുമാണ് ഈ സിനിമയെന്ന് പ്രദർശനത്തിനുശേഷം സുരേഷ്ഗോപി പറഞ്ഞു. നീതിക്കായുള്ള ജാനകിമാരുടെ പോരാട്ടത്തിന്റെ ഭാഗമായതിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സിനിമ നിസ്സാരമല്ല ഇത് വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. ഈ സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക്, സ്ത്രീശാക്തീരണ നയത്തിന് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനൊരു സൂചന ഈ സിനിമയിലുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്എ ല്ലാവരെയും ചിന്തിപ്പിക്കും. അതിനുവേണ്ടിയുള്ള ശബ്ദം ഉയരട്ടെ .
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു ജെഎസ്കെ എന്നതിൻറെ മുഴുവൻ രൂപമായി ചിത്രത്തിൻറെ ആദ്യ ടൈറ്റിൽ. എന്നാൽ ജാനകി എന്ന പേര് ടൈറ്റിലിൽ ഉൾപ്പെടുത്തിയാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സെൻസർ ബോർഡ് നിലപാടെടുത്തിരുന്നു. പിന്നാലെ അണിയറ പ്രവർത്തകരും പരാതിയുമായി ഹൈക്കോടതിയിലെത്തി. ഇതോടെ ചിത്രത്തിൻറെ ടൈറ്റിലിൽ കേന്ദ്ര കഥാപാത്രത്തിൻറെ പേരിനോടുകൂടെ ഇനിഷ്യൽ കൂടി ചേർക്കുകയായിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിൻറെ നിലവിലെ ടൈറ്റിൽ.