ഇന്ത്യയുടെ ഏകദേശം 2,000 കിലോമീറ്റർ ഭൂമി ചൈന കയ്യേറിയെന്ന്ആരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് സുപ്രീം കോടതി. ഇതിനെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് കോടതി രാഹുലിനോട് ചോദിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മാസിഹും ഉൾപ്പെട്ട ബെഞ്ചാണ് രാഹുലിൻറെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് കടുത്ത പരാമർശങ്ങൾ നടത്തിയത്.“ചൈനക്കാർ ഭൂമി കൈയടക്കിയെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?” കോടതി ചോദിച്ചു, “നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, ഒരിക്കലും നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു” എന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.
ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പ്രസ്താവനകൾക്ക് തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ആ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. 2020 ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി എതിർത്തു.
2022 ഡിസംബർ 16 ന് ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് ആധാരം.ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും അതിന് നരേന്ദ്ര മോദി സർക്കാരാണ് ഉത്തരവാദി എന്നും രാഹുൽ പറഞ്ഞിരുന്നു.
“അദ്ദേഹത്തിന് ഇതൊക്കെ പറയാൻ കഴിയുന്നില്ലെങ്കിൽ… എങ്ങനെയാണ് ഒരു പ്രതിപക്ഷ നേതാവാകാൻ കഴിയുക?”എന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി ചോദിച്ചു,
ഈ ഘട്ടത്തിൽ ജഡ്ജി കൂടുതൽ പ്രകോപിതനായി. “പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ പാർലമെന്റിൽ ഇത്തരം കാര്യങ്ങൾ പറയാത്തത്?എന്തിനാണ് സോഷ്യൽ മീഡിയയിൽ ?”എന്നായിരുന്നു ചോദ്യം. രാഹുലിനെതിരായ അപകീർത്തി കേസിലെ നടപടികൾ നിലവിൽ കോടതി സ്റ്റേ ചെയ്തു.