Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘മുത്തശ്ശൻ തരുന്നതാ, വാങ്ങിക്കോ, പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാ’; വിഎസ് സൂര്യനെല്ലി പെൺകുട്ടിയെ സന്ദർശിച്ചതിനെക്കുറിച്ച് സുജ സൂസൻ ജോർജ്

വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സൂര്യനെല്ലി പെൺകുട്ടിയെ സന്ദർശിച്ച് അനുസ്മരിച്ച് അധ്യാപികയും എഴുത്തുകാരിയുമായ സുജ സൂസൻ ജോർജ്. സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കാൻ തന്നെ വിളിപ്പിച്ചതിനെ കുറിച്ചാണ് സുജ സൂസൻ ജോർജിൻറെ കുറിപ്പ്. വിഎസ് വീട്ടിലെത്തി പെൺകുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ചു. . ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് പെൺകുട്ടിയുടെ അച്ഛൻറെ കയ്യിൽ കൊടുത്തു. അച്ഛനത് വാങ്ങാൻ മടിച്ചപ്പോൾ ‘അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെൻറെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്’ എന്നായിരുന്നു വിഎസിൻറെ മറുപടിയെന്നും സുജ സൂസൻ ജോർജ് കുറിച്ചു

സുജ സൂസന്റെ വാക്കുകൾ

വി.എസ് നിരന്തരം തളിർക്കുന്ന വൻമരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെയോ ചരിത്രമായിരുന്നില്ല. കേരളത്തിൻറെ മാറ്റത്തിൻറെ ചരിത്രമായിരുന്നു. കണ്ണേ ,കരളേ വിഎസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി, തൊണ്ട ഇടറി, കണ്ണ് നിറഞ്ഞ്, ജീവൻറെ ആഴത്തിൽ നിന്ന് ഉതിർന്ന മുദ്രാവാക്യങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങൾ എൻറെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്. വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.

സൂര്യനെല്ലി കേസും വിഎസും
അത് വലിയൊരു ചരിത്രമാണ്. അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോൺവിളി വിഎസ് അച്യുതാനന്ദൻറേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാർടി ഓഫീസിൽ വെച്ച് അദ്ദേഹത്തെ കണ്ട് ദീർഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോൺഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാൻ ഇനിയുമേറെയുണ്ട് ബാക്കി. പ്രായം 85നു മേൽ.

അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദർശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാൻ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

”ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെൻറെ പെൻഷൻ കാശ് സൂക്ഷിച്ചു വെച്ചതാണ്” അതാണ് വിഎസ്. അങ്ങനെയായിരുന്നു വിഎസ്.

വിട ! ഈ നൂറ്റാണ്ടിൻറെ നായകന്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!