ലംബോർഗിനി ഹുറാക്കാന് വഴിതടഞ്ഞ് നിൽക്കുന്ന ഒരു തെരുവുനായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുംബൈയിലാണ് സംഭവം. ലമ്പോർഗിനിക്ക് വേണ്ടി താൻ വഴിയിൽനിന്ന് മാറില്ലെന്ന തീരുമാനത്തിൽ നായ ഉറച്ചുനിന്നതോടെ ഓറഞ്ച് നിറത്തിലുള്ള സൂപ്പർകാർ വേഗത കുറയ്ക്കുന്നത് വീഡിയോയിൽ കാണാം.
ഡ്രൈവർ വെട്ടിച്ച് പോകാൻ ശ്രമിക്കുമ്പോൾ നായ വാഹനത്തിന് നേരെ കുരയ്ക്കുകയും തടസ്സം നിൽക്കുന്നുമുണ്ട്.
അൽപ്പനേരം മുഖാമുഖം നിന്നശേഷം ലംബോർഗിനി ഒടുവിൽ വേഗത കൂട്ടി മുന്നോട്ട് പോയി. എന്നാൽ, അങ്ങനെ തോറ്റുകൊടുക്കാൻ അവിടെയും നായ തയ്യാറായിരുന്നില്ല. ലംബോർഗിനിക്ക് പിറകെ വെച്ചുപിടിച്ചു. ജൂലായ് 15-ന് പങ്കുവെച്ച ഈ വീഡിയോ എക്‌സിൽ വ്യാപകമായി പ്രചരിച്ചു.
കമന്റുകളിൽ, നായയെ പലരും “റോഡിലെ യഥാർഥ ബോസ്” എന്നാണ് വിശേഷിപ്പിച്ചത്.”ഡോഗേഷ് ഭായ്, എന്തിനാണ് ഇത്രയും വലിയ ആളുകളോട് വഴക്കിന് പോകുന്നത്, എന്നായിരുന്നു ഒരാളുടെ പ്രതികരണം. നായയുടെ ഗംഭീരമായ ഗുണ്ടായിസം, ലംബോർഗിനി ഓടി രക്ഷപ്പെട്ടു, മറ്റൊരാൾ എഴുതി. എന്തായാലും തന്റെ സ്ഥലത്തുകൂടി ആർക്കൊക്കെ പോകാമെന്ന് തീരുമാനിക്കേണ്ടത് പട്ടി സാർ തന്നെയാണെന്നാണ് പലരും പറയുന്നത്.