സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.
യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ രണ്ടാമത്തെ പേരുകാരനായിരുന്നു റവാഡ. നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാർ. ഇവരോട് സർക്കാരിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു.
മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലിൽ സിപിഎമ്മിന് അമർഷമുണ്ടായിരുന്നു.