ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ നിയന്ത്രണ തടസങ്ങള്‍ നീക്കിയതോടെ, ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായി ഉപയോക്താക്കള്‍ എത്രമാത്രം ചെലവഴിക്കേണ്ടിവരുമെന്നതാണ് ഇനിയുള്ള സംശയം. പ്ലാനും ഭൂമിശാസ്ത്രപരമായ സ്ഥാനവും അനുസരിച്ച്, ഇന്ത്യക്കാര്‍ പ്രതിമാസം 3,000 മുതല്‍ 7,000 രൂപ വരെ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത്രയും തുക ചെലവഴിക്കേണ്ടി വരുന്നത് പ്രതിമാസ സബ്സ്‌ക്രിപ്ഷന് വേണ്ടി മാത്രമാണ്. പ്രതിമാസ ഫീസിനു പുറമേ, ഉപയോക്താക്കള്‍ ഒരു വൈ-ഫൈ റൂട്ടറും ഒരു സാറ്റലൈറ്റ് ഡിഷും ഉള്‍പ്പെടുന്ന സ്റ്റാര്‍ലിങ്ക് കിറ്റും വാങ്ങേണ്ടിവരും എന്ന് ഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, സ്റ്റാന്‍ഡേര്‍ഡ് സ്റ്റാര്‍ലിങ്കിന് 349 ഡോളര്‍ വിലവരും, അതായത് ഏകദേശം 30,000 രൂപ. അതേസമയം യാത്രയ്ക്കിടെ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് 599 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 43,000 രൂപ വിലവരും. ഈ കിറ്റുകള്‍ക്ക് ഇന്ത്യയിലും ഇതേവില തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റാന്‍ഡേര്‍ഡ് സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ സാധാരണയായി പ്രതിമാസം 120 ഡോളറില്‍ ആരംഭിക്കുമ്പോള്‍, സ്റ്റാര്‍ലിങ്ക് മിനി രണ്ട് ഓപ്ഷനുകള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 50 ജിബി ഡാറ്റയുള്ള 120 ഡോളര്‍ (ഏകദേശം 10,300 രൂപ) പ്ലാനും പ്രതിമാസം 165 ഡോളര്‍ (ഏകദേശം 14,100 രൂപ) വിലയുള്ള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനും.
സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഹാര്‍ഡ്വെയറിന് 2,500 ഡോളര്‍ (ഏകദേശം 2,14,000 രൂപ) നല്‍കിയാല്‍ മതി. പൈപ്പ് അഡാപ്റ്റര്‍, ജെന്‍ 3 വൈ-ഫൈ റൂട്ടര്‍ പോലുള്ള ഓപ്ഷണല്‍ ആക്സസറികള്‍ യഥാക്രമം 120 ഡോളര്‍ (10,300രൂപ ), 199 ഡോളര്‍ (ഏകദേശം 17,000) വിലവരും.