ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെയുള്ള മത്സരം ഉപേക്ഷിച്ചതിനു പിന്നിൽ സ്പോൺസറുടെ സമ്മർദ്ദവുമെന്ന് റിപ്പോർട്ട് . ‘ഇത് ഒരു സാധാരണ മത്സരമായി കാണാനാകില്ല’ എന്ന് ചൂണ്ടിക്കാട്ടിയാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരിൽപ്പെട്ട ട്രാവൽ ടെക് കമ്പനി ‘ഈസ്മൈട്രിപ്’ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയായ നിഷാന്ത് പിട്ടിയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.. ഇതോടെ സെമിഫൈനൽ ബഹിഷ്കരിക്കുകയാണെന്ന് ഇന്ത്യ ചാംപ്യൻസ് ടീമും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിഷയങ്ങളും ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. പിന്നാലെ ടൂർണമെന്റിന്റെ സെമിയിലും ഇരു ടീമുകളും വീണ്ടും പരസ്പരം വരുന്ന സാഹചര്യമുണ്ടായത്.
‘ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യ ചാംപ്യൻസ് ടീമിന് അഭിനന്ദനങ്ങൾ നിങ്ങൾ ഈ സെമി പ്രവേശത്തിലൂടെ സ്വ്രാജ്യത്തിന്റെ യശസ് ഉയർത്തി. പക്ഷേ പാക്കിസ്ഥാനെതിരായ സെമി മത്സരം ഒരു സാധാരണ മത്സരമായി കാണാനാകില്ല. ഭീകരവാദവും ക്രിക്കറ്റും ഒരുമിച്ചു പോവുകയുമില്ല. ഈസിമൈട്രിപ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്ന കമ്പനിയാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യവുമായുള്ള ബന്ധത്തിന് സഹായകരമാകുന്ന ഒരു പരിപാടിയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല’ – നിഷാന്ത് പിട്ടി എക്സിൽ കുറിച്ചു.
‘‘ഇന്ത്യയിലെ ജനങ്ങളുടെ മനസ്സുപറയുന്നത് ഞങ്ങൾക്കു കേൾക്കാം. അതിനാൽ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരവുമായി ഞങ്ങൾ സഹകരിക്കില്ല. ചില കാര്യങ്ങൾ കളിയേക്കാൾ ഗൗരവമുള്ളതാണ്. രാജ്യത്തിനാണ് എപ്പോഴും ഒന്നാം സ്ഥാനം. ബിസിനസ് എല്ലാം അതുകഴിഞ്ഞേ വരൂ’ – നിഷാന്ത് പിട്ടി വ്യക്തമാക്കി.