ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകളുടെ ഗുണനിലവാരത്തെപ്പറ്റി ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡ്യൂക്‌സ് പന്തുകള്‍ വളരെവേഗം മൃദുവാകുന്നുവെന്ന ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പങ്കുവെച്ചിരുന്നു. പന്ത് ഉപയോഗിക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കുന്നില്ലെന്നും ഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ ഗില്ലിന്റെ ഇത്തരം വാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്യൂക്‌സ് ബോള്‍ നിര്‍മ്മാതാവ് ദിലീപ് ജജോദിയ. ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യത്തില്‍ ദിലീപ് ജജോദിയ പ്രതികരിച്ചത്. പന്തിന്റെ നിലവിലുള്ള രൂപകല്‍പ്പനയെ ന്യായീകരിച്ച അദ്ദേഹം, പന്ത് കൂടുതല്‍ കടുപ്പമുള്ളതാക്കാന്‍ ശ്രമിച്ചാല്‍ അത് ബാറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ക്രിക്കറ്റ് പന്തുകള്‍ എപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. ഡ്യൂക്‌സ് മാത്രമല്ല, എസ്ജി, കൂക്കബുറ എന്നിവയെല്ലാമാകാം. ടെസ്റ്റിന് ഒരു പുതിയ പന്ത് നല്‍കണം, അതും ടെസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത ഒന്ന്. പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളില്‍ നിന്നാണ് ഇത് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍, ഓരോ പന്തും പൂര്‍ണതയുള്ളതായിരിക്കുമെന്ന് 100 ശതമാനം ഉറപ്പ് നല്‍കാന്‍ കഴിയില്ല.
ബാറ്റുകള്‍ മാറിയിരിക്കുന്നു, അവ വളരെ ശക്തമാണ്, കളിക്കാര്‍ കൂടുതല്‍ ശക്തരാണ്, അവര്‍ പലപ്പോഴും ഗ്രൗണ്ടിന് പുറത്തേക്ക് പന്ത് അടിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കാര്യം എടുക്കുക, അദ്ദേഹം അങ്ങനെ സിക്‌സ് അടിക്കുന്നയാളല്ല. – ദിലീപ് ജജോദിയ പറഞ്ഞു.