വാഹനാപകടത്തിൽ തന്റെ പിതാവ് മരിച്ചതിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്താണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്.
”മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ.
അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു” ഷൈന്‍ ടോം ചാക്കോ പറയുന്നു.
ഞാന്‍ ആലോചിക്കാറുണ്ട് മമ്മൂക്കയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ഞങ്ങള്‍ സ്ഥിരമായി മെസേജ് അയക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നവരല്ല. എന്നാല്‍ കൃത്യമായ സമയത്ത് നമ്മള്‍ക്ക് എനര്‍ജി തരുന്നൊരു മെസേജ് അയക്കും. നമ്മള്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്യുമെന്നും ഷൈന്‍ പറയുന്നു.