കാറപകടത്തിൽ മരിച്ച പിതാവിന്റെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ലെന്നും ഒരിക്കലും ആ വേദന തങ്ങളെ വിട്ട് ഒരിക്കലും പോകില്ലെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. ഇപ്പോൾ ഒരു മാറ്റത്തിനായി സ്വയം ശ്രമിക്കുകയാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്.
അപകടത്തില്‍ പരുക്കേറ്റ മമ്മി ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
”കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ജോക്കുട്ടനും ഡ്രൈവറും മാറിമാറിയാണ് വാഹനം ഓടിച്ചത്. ഏറ്റവും പുറകിലത്തെ സീറ്റില്‍ ഞാന്‍ കിടന്നു. ഉറക്കത്തിന്റെ ഇടവേളകളില്‍ ഡാഡിയില്‍ നിന്നും ബിസ്‌കറ്റ് ചോദിച്ച് വാങ്ങി കഴിച്ചതെല്ലാം എനിക്ക്ഇപ്പോഴും നല്ല ഓര്‍മയുണ്ട്. വലിയ ശബ്ദത്തോടെ വാഹനം ഇടിച്ചു നിന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസിലായില്ല. സഹായം തേടി റോഡില്‍ കരഞ്ഞു നിന്നു. ഡാഡിയെ നഷ്ടപ്പെട്ടു. എന്റെ കൈക്ക് സാരമായി പരിക്കേറ്റു. മുപ്പതിലധികം തുന്നലുകളുണ്ട്. മമ്മി ഇപ്പോഴും നടന്നു തുടങ്ങിയിട്ടില്ല” ഷൈന്‍ പറയുന്നു.
ഡാഡിയെ ഒരു മണിക്കൂര്‍ കൂടി അടുത്ത് കിട്ടിയിരുന്നുവെങ്കില്‍ കുറച്ചുകൂടി സംസാരിക്കാമായിരുന്നു. അല്‍പം കൂടി കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. അങ്ങനെയെല്ലാമുള്ള പല തോന്നലുകള്‍ മനസിലേക്ക് ഇരമ്പി വരുന്നുണ്ടെന്നും താരം പറയുന്നു.
കാറിനകത്തെ ഇരുട്ടിനുള്ളില്‍ നിന്നും ഇടയ്ക്ക് ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കിയ ഡാഡിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അപകടം ശരീരത്തെ മാത്രമല്ല മനസിനേയും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. ഡാഡിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസനമായൊന്ന് കെട്ടിപ്പിടിച്ച് കരയാനോ മമ്മിക്ക് കഴിഞ്ഞില്ല. ഷൈൻ പറയുന്നു.