തമിഴ്‌നാട്ടില്‍ ഉണ്ടായ കാറപകടത്തില്‍ ഷൈന്റെ പിതാവ് സിപി ചാക്കോ മരണപ്പെട്ടിരുന്നു. ഷൈനും അമ്മ മരിയയ്ക്കും സഹോദരനും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷൈന്റെ ചികിത്സാര്‍ത്ഥം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. തന്നെക്കുറിച്ച് എപ്പോഴും ആലോചിച്ചു കൊണ്ടിരുന്ന ഡാഡിയുടെ വേര്‍പാട് ഷൈന് വലിയ ആഘാതം ആയിരുന്നു. ഇപ്പോഴിതാ അപകടത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
‘പിന്നാലെ’ എന്ന സിനിമ ചെയ്യുന്നതിനിടെയാണ് ബെംഗളുരുവില്‍ റീഹാബിന് പോകുന്നത്. ഇപ്പോള്‍ റീഹാബ് അഡിക്ഷനാണ്. അങ്ങോട്ട് പോകുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഇപ്പോള്‍ വിഡ്രോവല്‍ സിംറ്റംസിന്റെ ഭാഗമാണോ എന്നറിയില്ല, രാത്രി ഇടയ്ക്കിടെ എഴുന്നേറ്റ് ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലമുണ്ട്.
അപകടം ഉണ്ടായ അന്ന് രാത്രി ബാക്ക് സീറ്റിലാണ് കിടന്നിരുന്നത്. ഇടയ്ക്കിടയ്ക്ക് ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഡാഡിയോട് ബിസ്‌ക്കറ്റ് ചോദിക്കും. ഡാഡി എനിക്ക് ബിസ്‌ക്കറ്റ് തരും. ഡാഡി രണ്ടു മൂന്ന് പ്രാവശ്യം ബിസ്‌ക്കറ്റ് തന്നു. പിന്നീട് ഞാന്‍ ഉണരുമ്പോള്‍ വണ്ടി ഇടിച്ചു കിടക്കുകയാണ്. പിന്നീട് ഡാഡി ഞങ്ങള്‍ ആരുമായി സംസാരിച്ചിട്ടില്ല. മമ്മി ചോദിക്കുന്നുണ്ട് നമ്മള്‍ എന്തിനാണ് ഈ റോഡില്‍ കിടക്കുന്നത്. എങ്ങോട്ടാണ് പോകുന്നതെന്നൊക്കെ.
ജോയും പാച്ചുവും കൂടി ഞങ്ങളെ വാരിക്കെട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. ആദ്യമായിട്ടാണ് ഒരു ആക്‌സിഡന്റ് ഞാന്‍ നേരിടുന്നത്. ഇതുവരെ ആക്‌സിഡന്റ് എന്ന് പറഞ്ഞാല്‍ എനിക്കത് ഒരു കാഴ്ച മാത്രമായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍ മരിക്കുക, അമ്മ മരിക്കുക എന്നൊക്കെ പറയുന്നത് എനിക്ക് ഒരു വാര്‍ത്ത മാത്രമായിരുന്നു. അന്നത്തെ രാത്രി ഞാന്‍ റോഡില്‍ നിന്ന് കരയുകയായിരുന്നു. ആരെങ്കിലും രക്ഷിക്കണേ, ഹോസ്പിറ്റലില്‍ എത്തിക്കണേ എന്നു പറഞ്ഞ്. ഷൈൻ പറഞ്ഞു.