ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഷിബു സോറൻ്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. “ആദരണീയ ഗുരു ദിശോം നമ്മളെയെല്ലാം വിട്ടുപോയി. എൻ്റെ മനസ് ഇപ്പോള്‍ ശൂന്യമാണ്” പിതാവിൻ്റെ മരണവിവരം അറിയിച്ചു കൊണ്ട് ഹേമന്ത് സോറൻ കുറിച്ചു.
38 വർഷക്കാലം ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച ഷിബു സോറൻ പാർട്ടിയുടെ സ്ഥാപക രക്ഷാധികാരിയാണ്,
ജാർഖണ്ഡ് പ്രത്യേക സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ ഒരു പ്രധാന പങ്കുവഹിച്ചയാളാണ് ഷിബു സോറൻ. പ്രത്യേക സംസ്ഥാന രൂപീകരണത്തിനുശേഷം അദ്ദേഹം മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര കൽക്കരി മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.
1977 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ഷിബു സോറൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജിതനായി. 1980 ൽ അദ്ദേഹം രണ്ടാമതും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. ഇതിനുശേഷം, അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1989, 1991, 1996, 2004, 2009, 2014 എന്നീ വർഷങ്ങളില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.