യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടനേട്ടത്തിന് പിന്നാലെ വികാരാധീനനായി ഫ്രഞ്ച് ക്ലബ് പി എസ് ജി പരിശീലകന്‍ ലൂയിസ് എന്റിക്വെ. അഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ട തന്റെ മകള്‍ സനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് എന്റിക്വെ വികാരാധീനനായത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒമ്പതാം വയസിലായിരുന്നു സന മരിച്ചത്.
‘അവള്‍ എപ്പോഴും എനിക്കൊപ്പമുണ്ടെന്നും മകളുടെ പിന്തുണ എനിക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. എന്റെ കുടുംബത്തില്‍ ഇപ്പോഴും മകളുടെ സാന്നിധ്യമുണ്ട്.’ എന്റിക്വെ ചാംപ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെ പ്രതികരിച്ചു. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ തകര്‍ത്ത് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ പി എസ് ജി ആരാധകര്‍ സനയുടെ ഓര്‍മയ്ക്കായി മ്യൂണിക്കിലെ സ്റ്റേഡിയത്തില്‍ വമ്പന്‍ ടിഫോ ബാനര്‍ ഉയര്‍ത്തുകയായിരുന്നു.
ഇതിനോടും വളരെ വൈകാരികമായാണ് എന്റിക്വെ പ്രതികരിച്ചത്. ആരാധകരുടെ ഈ പിന്തുണ വൈകാരികമാണ്. എന്റെ കുടുംബത്തെക്കുറിച്ച് പോലും ആരാധകര്‍ ഓര്‍ക്കുന്നുവെന്നത് സന്തോഷമാണ്. എന്നാല്‍ എനിക്ക് മകളെ ഓര്‍ക്കാന്‍ ചാംപ്യന്‍സ് ലീഗ് കിരീടമെന്നല്ല യാതൊന്നിന്റെയും ആവശ്യമില്ല.’ എന്റ്വികെ വ്യക്തമാക്കി.
2015ലെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ യുവെന്റസിനെ പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കൊപ്പം എന്റ്വികെ കിരീടം നേടിയിരുന്നു. പിന്നാലെ ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലെ ടര്‍ഫില്‍ ബാഴ്‌സലോണ പതാക നാട്ടുന്ന എന്റിക്വെയുടെയും അന്ന് അഞ്ചു വയസുണ്ടായിരുന്ന സനയുടെയും ചിത്രം ഏറെ പ്രസിദ്ധമായിരുന്നു. ഇതാണ് മ്യൂണിക്കിലെ സ്റ്റേഡിയത്തില്‍ ആരാധകര്‍ ബാനറില്‍ ഉയര്‍ത്തിയത്.