കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് തന്നെ പുറത്താക്കാനാണ് ശശി തരൂർ ആഗ്രഹിക്കുന്നതെന്ന് തോന്നുംവിധത്തിലാണ് അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങൾ. ഇപ്പോഴിതാ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനവുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. നെഹ്രു കുടുംബത്തെ രൂക്ഷമായി വിമർശിക്കുന്നതാണ് തരൂരിന്റെ ലേഖനം. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് തരൂര്‍ ഉയര്‍ത്തുന്ന്. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര വാശിപിടിച്ചുവെന്നാണ് അദ്ദേഹം തന്റെ ലേഖനത്തിൽ കുറിച്ചിരിക്കുന്നത്.
തടവിലെ പീഡനങ്ങളും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഒന്നും പുറം ലോകം അറിഞ്ഞില്ല. ഇന്ദിരയുടെ മകന് സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. നിര്‍ബന്ധിത വന്ധ്യംകരണം അടക്കം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലേഖനമെന്നാണ് പാർട്ടിയിലെ വിലയിരുത്തല്‍. എന്നാല്‍, നിലവിൽ ഇതിനെതിരെ പ്രതികരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.