തന്റെ ആദ്യ കുഞ്ഞിനെ നഷ്ടമായ അനുഭവം പങ്കുവെച്ച് നടി ശാന്തി കൃഷ്ണ. ആ സമയത്ത് താന്‍ കരഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. മരവിച്ച അവസ്ഥയായിരുന്നുവെന്നും ശാന്തി കൃഷ്ണ. വണ്‍ ടു ടോക്ക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും താന്‍ കരഞ്ഞിട്ടില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
‘എന്റെ ‘ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോള്‍ എനിക്ക് ഒരു വികാരവുമില്ലായിരുന്നു. എനിക്കന്ന് 26 വയസാണ്. അതിന് ശേഷാണ് നയം വ്യക്തമാക്കുന്നുവില്‍ അഭിനയിക്കുന്നത്. 18 മണിക്കൂറാണ് കുഞ്ഞ് ജീവിച്ചത്. മുഖം കണ്ടിരുന്നു. നോര്‍മല്‍ ബര്‍ത്ത് ആയിരുന്നു. പിന്നെ ഞാന്‍ അറിഞ്ഞത് ഡോക്ടര്‍ വരാന്‍ കുറച്ച് വൈകിയെന്നാണ്. അതിനാല്‍ കുഞ്ഞിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും സര്‍വൈവ് ചെയ്യാന്‍ പറ്റാതാവുകയും ചെയ്തു. ആ വാര്‍ത്ത എന്നോട് അവര്‍ പറഞ്ഞിരുന്നില്ല” താരം പറയുന്നു.
”വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നൊക്കെ പറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ പോയി അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അന്ന് ഞാന്‍ കരഞ്ഞിട്ടേയില്ല. കുറച്ച് ദിവസത്തേക്ക് ഞാന്‍ കരഞ്ഞില്ല. അമ്മയ്‌ക്കൊക്കെ പേടിയായി. ഇവള്‍ക്കെന്താ വികാരങ്ങളൊന്നും ഇല്ലേ എന്ന് ചിന്തിച്ചു. ആ സമയം തൊട്ട് എപ്പോഴും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ കരയാറില്ല. എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
ജീവിതത്തിന്റെ പലഘട്ടങ്ങളിലും മരവിച്ചു പോകുന്നത് പോലെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. ഭയങ്കര കഠിനമായ വേദനയുള്ളപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. കാണുമ്പോള്‍ ആളുകള്‍ കരുതും അവള്‍ ഭയങ്കര സ്‌ട്രോങ് ആണെന്ന്. പക്ഷെ അങ്ങനെ ആകണമെന്നില്ല. അന്ന് കരഞ്ഞിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു എന്നും ശാന്തി കൃഷ്ണ പറയുന്നു.