വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലും. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഗവർണർ പരിപാടിക്കെത്തി. വേദിക്ക് പുറത്ത് ഇടത്- കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു.
വർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്ന ചടങ്ങിൽ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിൻഡിക്കേറ്റ് അംഗങ്ങളും എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്.
സെനറ്റ് ഹാളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കരുതെന്ന് രജിസ്ട്രാർ രാജ്‌ഭവനെ അറിയിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവർണർ വേദിയിലേക്ക് വരികയായിരുന്നു.
ചിത്രം മാറ്റണമെന്ന് സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകർ വ്യക്തമാക്കിയത്. സർവകലാശാലയിൽ പങ്കെടുക്കുന്ന പരിപാടിയിൽ മതചിഹ്നങ്ങൾ പാടില്ലെന്നാണ് ചട്ടമെന്നും പരിപാടി നടത്താൻ അനുവദിക്കില്ലെന്നുമാണ് ഇടത് പ്രവർത്തകർ പറയുന്നത്.