ഏറ്റുമാനൂര്‍ ജൈനമ്മ തിരോധനാക്കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് . പ്രതിയായ സെബാസ്റ്റ്യന്റെ കാറിനുള്ളിൽ നിന്ന് കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് തുടങ്ങിയവയാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന ഈ തെളിവുകള്‍ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് നിര്‍ണായക വസ്തുക്കളുടെ കണ്ടെത്തൽ .കണ്ടെടുത്ത വസ്തുക്കള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ തുടക്കം മുതലേ സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്.
അതേസമയം സെബാസ്റ്റ്യനെ തനിക്ക് അറിയാമെന്നും ഒരിക്കലും ക്രൂരനായി തോന്നിയില്ലെന്നും കാണാതായ ഐഷയുടെ അയല്‍ക്കാരി റോസമ്മ പറയുന്നു. 2016ല്‍ താന്‍ മേടിച്ച സ്ഥലം സെബാസ്റ്റ്യനും ഐഷയും ചേര്‍ന്ന് തന്നെ അറിയിക്കാതെ ജെസിബി കൊണ്ടുവന്നു തെളിച്ചു. തന്നെ അറിയിക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ സ്ഥലം വാങ്ങാന്‍ ആരാണ്ടോ വരുന്നുണ്ടെന്നറിഞ്ഞതുകൊണ്ടാണ് തെളിച്ചതെന്ന് ഐഷ മറുപടി നല്‍കി.
എന്നാല്‍ റോസമ്മയുടെ വാക്കുകളിലും തികഞ്ഞ അവ്യക്തത തുടരുകയാണ്. സ്ഥലം വില്‍പനയ്ക്കായി സെബാസ്റ്റ്യന്‍ പലതവണ ആ പ്രദേശത്ത് വന്നുപോയി. ഇതിനിടെ സെബാസ്റ്റ്യന്‍ തന്നെ കല്യാണമാലോചിച്ചുവെന്നും റോസമ്മ. കോടതി മുഖാന്തിരവും അരമന മുഖാന്തിരവും വിവാഹമോചനം നേടിയിട്ടുണ്ടെന്നും കല്യാണത്തിനു തടസമില്ലായിരുന്നെന്നും പറഞ്ഞു. റജിസ്റ്റര്‍ വിവാഹം നടത്താമെന്നും സെബാസ്റ്റ്യന്‍ ഒരു തവണ പറഞ്ഞതായി റോസമ്മ പറയുന്നു.