ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസിലെ പ്രതി പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്‍ (65) ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കി തുടങ്ങിയെന്ന് റിപ്പോർട്ട് .
എസ്എസ്എല്‍സി മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്‌സി ഡ്രൈവറായി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല.
അതിനിടെ സെബാസ്റ്റ്യന്‍ ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റര്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു രാത്രിയാണു ചേര്‍ത്തലയിലുള്ള കടയില്‍ നിന്ന് റഫ്രിജറേറ്റര്‍ വാങ്ങിയത്. റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍നിന്നു കണ്ടെത്തി. ഇതിൽ സെബാസ്റ്റിയന്റെ മൊഴിയാണ് നിര്‍ണ്ണായകമായത്. ഇയാൾ ഇപ്പോൾ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്‌സ് എന്നിവ കണ്ടെടുത്തിരുന്നു. 20 ലിറ്ററിന്റെ കന്നാസില്‍ ഡീസല്‍ സെബാസ്റ്റ്യന്‍ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
കേസില്‍ നിര്‍ണായകമാകാവുന്ന തെളിവുകള്‍ ഈ പരിശോധനയിലൂടെ ലഭിച്ചതായാണ് സൂചന.ജയ്‌നമ്മയെ പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇരുവരും ഒന്നിച്ച് ചേര്‍ത്തലയിലെ ധ്യാനകേന്ദ്രം ഉള്‍പ്പെടെയുള്ള പ്രാര്‍ഥനാലയങ്ങളില്‍ പോയിട്ടുണ്ടെന്നും പറയുന്നുണ്ട്. ജയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സെബാസ്റ്റ്യനിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതു കേസിൽ ഒരു വെല്ലുവിളിയാണ്.