സെബാസ്റ്റ്യനൊപ്പം ചോർന്ന് ബിന്ദു പത്മനാഭന്റെ സ്വത്തുക്കൾ തട്ടിയെടുത്തതിൽ ഒരു സ്ത്രീയ്ക്കും പങ്ക്. കുറുപ്പംകുളങ്ങര സ്വദേശിനി ടി ജയ എന്ന മിനിയാണ് സെബാസ്റ്റ്യനെ സഹായിച്ചത്. സംഭവത്തിൽ ജയ മുമ്പ് തന്നെ കുറ്റസമ്മത മൊഴി നൽകിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ കോടികൾ വിലവരുന്ന ഭൂമിയാണ് സെബാസ്റ്റ്യൻ വ്യാജ മുക്ത്യാർ നൽകി വിറ്റത്. വസ്തു വിൽപന നടത്തിയതിന് സെബാസ്റ്റ്യനെ സഹായിച്ചത് ജയയാണ്.
ബിന്ദുവിന്റെ ഫോട്ടോയ്ക്ക് പകരം ജയയുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാട് നടത്തിയതെന്ന് അന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്ന് ജയയുടെ കുറ്റസമ്മതം മൊഴിയും കേസിൽ നിർണ്ണായകമായിരുന്നു. ഈ സാഹചര്യത്തിൽ ജയയിൽ നിന്ന് കൂടുതൽ വിവരം തേടാനുള്ള തയ്യാറടുപ്പിലാണ് അന്വേഷണ സംഘം . ഇവരിലൂടെ സെബാസ്റ്റ്യന്റെ തട്ടിപ്പ് രീതിയും ശൈലിയും കൂടുതൽ മനസ്സിലാക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
അതേസമയം, ജെയ്നമ്മ കൊലപാതക കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഇന്ന് ചേർത്തലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചേർത്തല മനോരമ കവലയിലെ വൈറ്റ് മാർട്ട് എന്ന ഗൃഹോപകരണ സ്ഥാപനത്തിലും സെബാസ്റ്റ്യന്റെ സഹോദരന്റെ പറമ്പിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ജെയ്നമ്മയെ കാണാതായ ശേഷം സെബാസ്റ്റ്യൻ ഗൃഹോപകരണ സ്ഥാപനത്തിൽ നിന്ന് ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇത് ജയ്നമ്മയുടെ സ്വർണ്ണം വിറ്റുവാങ്ങിയതാണെന്നാണ് കണ്ടെത്തൽ. മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നുവെന്നാണ് വിവരം.