സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നുലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതല്ലെന്ന് നിഗമനം. 2024 ഡിസംബറിലാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായത്. ഇപ്പോൾ കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങള്‍ക്ക് ആറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല. ഇയാളുടെ ഭാര്യയേയും പോലീസ് ചോദ്യം ചെയ്യും. ക്യാപ്പിട്ട പല്ലുകളും മൃതദേഹ അവശിഷ്ടങ്ങളുടെ അടുത്ത് നിന്നും ലഭിച്ചിരുന്നു. ജെയ്നമ്മയ്ക്ക് അത്തരം പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. ചേര്‍ത്തല സ്വദേശിനി ഹൈറുമ്മയ്ക്ക് (ഐഷ) വെപ്പുപല്ലുണ്ടെന്നും കാണാതായ ബിന്ദു പത്മനാഭന്‍ പല്ലുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.
ആദ്യപരിശോധനയില്‍ അസ്ഥി കണ്ടെത്തിയതിന് അടുത്ത് തന്നെയാണ് തിങ്കളാഴ്ചയും അസ്ഥി ലഭിച്ചത്. അതുകൊണ്ടു ശരീര അവശിഷ്ടങ്ങള്‍ ഒരാളുടെ തന്നെയാകുമെന്നുമാണ് വിലയിരുത്തല്‍. വ്യാഴാഴ്ച ഡിഎന്‍എ പരിശോധന ഫലം വരുന്നതോടെ സ്ഥിരീകരണമുണ്ടാകും. അസ്ഥികളും കുളത്തില്‍നിന്നും സെപ്ടിക് ടാങ്കില്‍നിന്നും ശേഖരിച്ച വെള്ളവും മണ്ണും പരിശോധനയ്ക്ക് അയച്ചു. ജൈനമ്മയുടെ മൊബൈല്‍ ഫോണുമായി സെബാസ്റ്റ്യന്‍ പോയ ഈരാറ്റുപേട്ടയിലെ കടയില്‍ അടുത്ത ദിവസം തെളിവെടുക്കും.
2005 മുതല്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍നിന്ന് പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ജെയ്‌നമ്മ കേസില്‍ ഇതിനകം 24 പേരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ അന്വേഷകസംഘം ശേഖരിച്ചു. ജെയ്‌നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈല്‍ഫോണ്‍ സെബാസ്റ്റിയന്‍ ഉപയോഗിച്ചതാണ് നിര്‍ണായക തെളിവ്. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ ചങ്ങത്തറ വീട് പൊലീസ് കാവലിലാണ്. പരിശോധന ഇവിടെ തുടരും.വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. ഈ പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു.