ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് ഇലക്ട്രോണിക് മാലിന്യം (ഇ-വേസ്റ്റ്) കുന്നുകൂടിക്കൊണ്ടിരിക്കുന്നു. യുഎൻ-ന്റെ ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റർ (GEM) പ്രകാരം, 2022-ൽ 62 ദശലക്ഷം ടൺ ഇ-വേസ്റ്റ് ഉൽപ്പാദിപ്പിക്കപ്പെട്ടു. 2010-നെ അപേക്ഷിച്ച് 82% വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2030-ഓടെ ഇത് 82 ദശലക്ഷം ടണ്ണിലെത്തും. ഈ വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലാണ്
ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നതിൽ വളരെയേറെ പ്രതീക്ഷ നൽകുന്ന ഒരു പരിഹാരം ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള നൂതനമായ സാങ്കേതിക വിദ്യയെ കുറിച്ച് നേച്ചർ സസ്റ്റൈനബിലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.
നിലവിൽ ഇതിനായി ഉപയോഗപ്പെടുത്തുന്ന രീതികളേക്കാൾ വളരെ പരിസ്ഥിതി സൌഹൃദവും ചെറുകിട സ്വർണ ഖനനവുമായി ബന്ധപ്പെട്ട ആരോഗ്യ, പരിസ്ഥിതി അപകടങ്ങൾ കുറയ്ക്കുന്നതുമാണ്ഇത്. സ്വർണം വേർതിരിച്ച് എടുക്കുന്നതിനെക്കുറിച്ച് ജേർണലിൽ പറയുന്നത് ഇങ്ങനെ..
ട്രൈക്ലോറോഐസോസയനൂറിക് ആസിഡ് ഉപയോഗിച്ച് സ്വർണം ആദ്യം ലയിപ്പിക്കുന്നു.
ഒരു ഹാലൈഡ് കാറ്റലിസ്റ്റ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത് ഇ-വേസ്റ്റ് മെറ്റീരിയലുകളിൽ നിന്ന് സ്വർണത്തെ ഓക്സിഡൈസ് ചെയ്യുന്നു. ഒരു പ്രത്യേക പോളിസൾഫൈഡ് പോളിമർ സോർബന്റ് ഉപയോഗിച്ച് ലയിപ്പിച്ച സ്വർണം തിരഞ്ഞെടുത്ത് കൂട്ടിച്ചേർക്കുന്നു. സ്വർണം വീണ്ടെടുക്കൽ: പോളിമർ പൈറോലൈസ് ചെയ്യുകയോ ഡിപോളിമറൈസ് ചെയ്യുകയോ ചെയ്ത് ഉയർന്ന ശുദ്ധിയുള്ള സ്വർണം വീണ്ടെടുക്കുന്നു.