മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് ശശി തരൂർ എം പി, സോഷ്യൽമീഡിയയിൽ വിഎസിനെക്കുറിച്ച് അദ്ദേഹം കുറിച്ച പോസ്റ്റിലും ‘സമകാലിക രാഷ്ട്രീയം’ കടന്നു വരുന്നുണ്ടെന്നാണ് സംസാരം. വി എസിന്റെ വിയോഗത്തിൽ ജനലക്ഷങ്ങളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പം വിഎസിന്റെ രാജ്യസ്‌നേഹവും തരൂർ ഉയർത്തികാട്ടുന്നുവെന്നതാണ് ശ്രദ്ധേയം .
ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ് എന്നാണ് തരൂർ കുറിക്കുന്നത്. . ചൈനീസ് അനുകൂലിയെന്ന് മുദ്ര കുത്തി ജയിലിൽ അടച്ചവർക്ക് പാർട്ടിയെ പോലും അവഗണിച്ച് നൽകിയ രാജ്യസ്‌നേഹം സന്ദേശം. ഓപ്പറേഷൻ സിന്ദൂരിൽ അടക്കം ‘രാജ്യ സ്‌നേഹം’ ചർച്ചയാക്കിയ ശശി തരൂർ ഇപ്പോൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന്റെ പ്രധാന്യം ഏറെയാണ്. കോൺഗ്രസിൽ നിന്നും ആ ‘രാജ്യ സ്‌നേഹത്തിന്റെ’ പേരിൽ അകന്നു നിൽക്കുന്ന ഈ സാഹചര്യത്തിലാണ് തരൂർ എഴുതിയ വരികളും ദേശീയ തലത്തിൽ ചർച്ചയാകുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവും, മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.
എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇൻഡ്യൻ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
ജനലക്ഷങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു…
ആദരാഞ്ജലികൾ…