രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ ടീം വിടുന്നതായി സ്ഥിരീകരണം. 2026 ലെ ഐപിഎല്‍ താര ലേലത്തിന് മുന്നോടിയായി ടീം വിടാനുള്ള താല്‍പര്യം സഞ്ജു രാജസ്ഥാന്‍ റോയല്‍സ് മാനെജ്മെന്‍റിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 സീസണ്‍ റിവ്യൂ യോഗത്തില്‍ സഞ്ജുവിന് ടീം കൃത്യമായൊരു മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.
സഞ്ജു രാജസ്ഥാൻ ടീമിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കുടുംബം പറഞ്ഞതായി cricbuzz റിപ്പോര്‍ട്ട് ചെയ്യുന്നു. സഞ്ജുവും ടീം മാനെജ്മെന്‍റും തമ്മിലുള്ള ബന്ധം ഇപ്പോൾ പഴയതുപോലെയല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ സഞ്ജുവിനെ അനുനയിപ്പിച്ച് എങ്ങനെയെങ്കിലും ടീമില്‍നിലനിര്‍ത്താനുള്ള സാധ്യത തുടരുന്നുണ്ട്. സംഭവത്തില്‍ ടീം മാനേജര്‍ മനോജ് ബാഡ്‍ലെ പ്രതികരിച്ചില്ല. ഇദ്ദേഹവും രാഹുല്‍ ദ്രാവിഡും ചേര്‍ന്നാകും തീരുമാനമെടുക്കുക.
സഞ്ജുവിനെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ രാജസ്ഥാന് മുന്നില്‍ രണ്ട് സാധ്യതയാണുള്ളത്. ഒന്ന് സഞ്ജുവിനെ ലേലത്തില്‍ നല്‍കാം. അല്ലെങ്കില്‍ കളിക്കാരനെ സ്വാപ്പ് ചെയ്തോ പണം നല്‍കിയുള്ള ഇടപാട് വഴിയോ സഞ്ജുവിനെ റിലീസ് ചെയ്യാം. ഐപിഎൽ കരാർ പ്രകാരം, അന്തിമ തീരുമാനം ഫ്രാഞ്ചൈസിയുടേതാണ്. സഞ്ജു സാംസണുമായി മൂന്നു വര്‍ഷത്തേക്കാണ് രാജസ്ഥാന്‍റെ കരാര്‍. 2027 വരെ നിയമപ്രകാരം സഞ്ജുവിന് രാജസ്ഥാനില്‍ തുടരേണ്ടി വരും.
ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്‍റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്സ്വാള്‍– വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്‍റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായെന്നും അത് മാനേജ്മെന്റുമായുള്ള തര്‍ക്കത്തിന് കാരണമായെന്നും സൂചനകളുണ്ട്.
പരുക്കേറ്റതോടെ സഞ്ജുവിന് ഐപിഎൽ സീസണിലെ കുറച്ചു മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. 2013-2015 വരെ മൂന്നു സീസണുകളിലായാണ് ആദ്യം സഞ്ജു രാജസ്ഥാനുവേണ്ടി കളിക്കുന്നത്. 2018 ല്‍ രണ്ടു വര്‍ഷം ഡല്‍ഹി ഡെയര്‍ഡേവിള്‍സില്‍ കളിച്ച ശേഷം 2021 ലാണ് സഞ്ജു ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയത്. . 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒന്ന് സഞ്ജുവായിരുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.