രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചുവടുമാറ്റത്തിന് വേണ്ടി ഒരുങ്ങുന്നുവെന്ന വാർത്തകൾ നിറയുന്ന സാഹചര്യത്തിൽ ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലില്‍ അതിഥിയായി സഞ്ജു എത്തുകയാണ്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള അഭുമുഖത്തിന്റെ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
അശ്വിൻ്റെ യൂട്യൂബ് പരിപാടിയായ ‘കുട്ടി സ്റ്റോറീസി’ൽ അതിഥിയായി എത്തിയ സഞ്ജുവിനോട്, ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള വരവിനെക്കുറിച്ച് അശ്വിൻ പരോക്ഷമായി ചോദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് താന്‍ നേരിട്ട് ചോദിക്കാന്‍ പോകുന്നതെന്ന് അശ്വിന്‍ പറയുമ്പോള്‍ ഒരു ചിരിയാണ് സഞ്ജുവിന്‍റെ മറുപടി.
എം.എസ്. ധോണിയുടെ പകരക്കാരനെ അന്വേഷിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സാണ് സഞ്ജുവിനായി രംഗത്തുള്ള പ്രധാന ടീം. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലൂടെ കേരളത്തിലും ടീമിന് മികച്ച പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ചെന്നൈ മാനേജ്‌മെന്റ്. അതേസമയം, അശ്വിൻ ചെന്നൈ വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള വാർത്തകളും സജീവമാണ്. ഈ പശ്ചാത്തലത്തിൽ, താരങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഫ്രാഞ്ചൈസികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.