നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നിന്നും സാന്ദ്ര തോമസിന്റ പത്രിക തള്ളിയതിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാന്ദ്ര നടന്‍ മമ്മൂട്ടിക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. സംഘടന ഭാരവാഹികള്‍ക്കെതിരെ നല്‍കിയ കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് സാന്ദ്രയുടെ വെളിപ്പെടുത്തൽ.
താനുമായി പറഞ്ഞുറപ്പിച്ചിരുന്ന സിനിമയില്‍ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ പഴയൊരു വിഡിയോ പങ്കുവച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി തന്നെ സാന്ദ്രയ്‌ക്കെതിരെ രംഗത്തെത്തി. നിര്‍മാതാക്കളുടെ സംഘടനയേയും മമ്മൂട്ടിയേയും പുകഴ്ത്തി സംസാരിക്കുന്ന സാന്ദ്രയുടെ വിഡിയോയാണ് ലിസ്റ്റിന്‍ പങ്കുവച്ചത്. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര.
വിവാദങ്ങള്‍ക്കിടെ സാന്ദ്ര പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. ‘ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനില്‍ക്കുക.’ എന്നാണ് സാന്ദ്രയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് സാന്ദ്രയ്ക്ക് പിന്തുണയുമായി എത്തുന്നത്. അതേസമയം സാന്ദ്ര മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.
‘മമ്മൂട്ടിയെ ഇതില്‍ വലിച്ചിട്ടത് ശരിയായില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ആരും വലിച്ചിട്ടതല്ല. അദ്ദേഹം താനെ വന്നു കയറിയതാണ്’ എന്നായിരുന്നു അതിനുള്ള സാന്ദ്രയുടെ മറുപടി.
‘നമ്മുക്ക് അന്തസ്സായി അരി മേടിക്കാന്‍ കാശുണ്ടെങ്കില്‍, മറ്റൊരുത്തന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ ഒന്നും പേടിക്കണ്ട. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലേ തകര്‍ക്കാന്‍. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ടു പോവുക. ഫ്യൂഡല്‍ മാടമ്പിത്തരത്തിനെതിരെ പ്രതികരിച്ചതിന് പരിപൂര്‍ണ്ണ സപ്പോര്‍ട്ട്’ എന്നിങ്ങനെയാണ് സാന്ദ്രയ്ക്ക് ലഭിക്കുന്ന പിന്തുണക്കമന്റുകൾ.