പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്.
സാന്ദ്രയുടെ മറുപടി കുറിപ്പ് ഇങ്ങനെ.
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം. ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപ്പോഴുള്ള എല്ലാ സിനിമകളുടെയും സെന്‍സര്‍ഷിപ്പ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ്. അതിനാൽ കെഎഫ്പിഎയുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീ പോസ്റ്റിൽ നിയമപരമായി മത്സരിക്കാം. അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല. എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല. മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്. അത് കോടതി വിലയിരുത്തും. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്.