വെജ് സാലഡുകള്‍ ആരോഗ്യപ്രദമാണെന്നാണ് പൊതുവേ പറയാറ്. അതുകൊണ്ട് തന്നെ ഡയറ്റിലുള്ളവരും ആരോഗ്യം ആഗ്രഹിക്കുന്നവരും ഇത് തങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇവരെയൊക്കെ ഞെട്ടിക്കുന്ന പുതിയൊരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആയുസ്സും ആരോഗ്യവും അപഹരിക്കാന്‍ മാത്രമല്ല. തലമുറകളിലേക്ക് വരെ ഇവയുടെ ദൂഷ്യഫലം നിലനില്‍ക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
അപകടകരമായ അഡിറ്റീവുകളും മാലിന്യങ്ങളും വഹിക്കുന്ന ചെറിയ പ്ലാസ്റ്റിക് കണികകള്‍ മണ്ണിലൂടെ പച്ചക്കറികളിലെത്തി ചേരുന്നുവെന്നാണ് കണ്ടെത്തല്‍.. ലെറ്റൂസ്, ഗോതമ്പ്, കാരറ്റ് തുടങ്ങിയ ഭക്ഷ്യവിളകളില്‍ ഈ പദാര്‍ത്ഥങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്, പ്ലാസ്റ്റിക്കുകളും അവയുടെ അഡിറ്റീവുകളും ഭക്ഷ്യ ശൃംഖലയിലൂടെ നിങ്ങളുടെ സാലഡിലേക്കും അതുവഴി ശരീരത്തിലേക്കും എങ്ങനെ എത്തുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു.
യൂറോപ്പിലും വടക്കേ അമേരിക്കയിലും, ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടണ്‍ മൈക്രോപ്ലാസ്റ്റിക് മണ്ണില്‍ എത്തുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.പ്ലാസ്റ്റിക് കൊണ്ടുള്ള പുതയിടല്‍ ഒരു സാധാരണ കാര്‍ഷിക സാങ്കേതിക വിദ്യയാണ്, കളകളെ അടിച്ചമര്‍ത്താനും, ഈര്‍പ്പം നിലനിര്‍ത്താനും, മണ്ണിന്റെ താപനില തുല്യമായി നിലനിര്‍ത്താനും മണ്ണില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇടുന്ന വിദ്യയാണിത്. ഇത് വിജയകരമായി വിളവും ജല കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ലോകമെമ്പാടുമുള്ള കര്‍ഷകര്‍ ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്നു.എന്നാല്‍ ഇത് മണ്ണില്‍ മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു,
മനുഷ്യശരീരത്തില്‍, സൂക്ഷ്മ, നാനോ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കണികകള്‍ പുരുഷന്മാരിലെ പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍, ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, തലച്ചോറിലെ ന്യൂറോണ്‍ ഡീജനറേഷന്‍, ഡിഎന്‍എ കേടുപാടുകള്‍ എന്നിവ വരുത്തുന്നു. കൂടാതെ പ്ലാസന്റ വഴി ഇവ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരാമെന്നും കണ്ടെത്തിയിട്ടുണ്ട്.