ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന അവസാന ടെസ്റ്റില്‍ നിന്നും താരം പുറത്താകും. വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടലേറ്റ താരത്തിന് ആറാഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പന്തിന് ബാറ്റിംഗ് തുടരാവുന്നതാണ്. എന്നാല്‍ ടീം മാനേജ്മെന്റ് താരത്തിന് ക്രീസിലേക്ക് അയക്കാനുള്ള സാധ്യതയില്ല. പൊട്ടലുള്ള കാലുമായി ക്രീസില്‍ ഉറച്ചുനില്‍ക്കുന്നത് തന്നെ ഇനി താരത്തിന് പ്രയാസമായിരിക്കും. ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്സിന്റെ യോര്‍ക്കര്‍ ലെങ്ത്ത് പന്ത് റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഋഷഭ് പന്തിന് പരിക്കേറ്റത്.
48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കെ പരിക്കേറ്റ പന്ത് റിട്ടയര്‍ ഹട്ടായി മടങ്ങുകയായിരുന്നു. സംഭവത്തില്‍ പന്തിനെ സ്കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു. പന്തിന് ആറാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഏറ്റെടുക്കും. ഫലത്തില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 10 ബാറ്റ്സ്മാന്മാര് മാത്രമേ ഉണ്ടാകൂ. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ്. പന്തിന്റെ കാല്‍പാദത്തിനാണ് പരിക്കേറ്റത്. ആദ്യം കളിക്കളത്തില്‍ വെച്ച് വൈദ്യസഹായം നല്‍കിയെങ്കിലും പിന്നീട് വാഹനത്തിലാണ് പന്തിനെ ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. സ്കാനിങ്ങിന് വിധേയമാക്കിയ പന്തിനെ ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണെന്നും ബിസിസിഐ അറിയിച്ചിരുന്നു. പരമ്പരയില്‍ പന്തിനേല്‍ക്കുന്ന രണ്ടാമത്തെ പരിക്കാണിത്. പന്തിന് പകരം ഇഷാന് കിഷന് ടീമിലെത്തുമെന്നാണ് വിവരം.