കർണാടകയിലെ ഒരു പെൺകുട്ടിക്ക് ബിരുദ പഠനത്തിനായി സാമ്പത്തിക സഹായം നൽകിയിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ബാഗൽകോട്ട് ജില്ലയിൽനിന്നുള്ള ജ്യോതി കനബുർ മഠിനെയാണ് ബിസിഎ പഠിക്കാനായി ചേരുന്നതിന് റിഷഭ് സഹായം ചെയ്തത്.. വിദ്യാർത്ഥിനിയുടെ ആദ്യ സെമസ്റ്റർ ഫീസായി 40,000 രൂപ കോളേജ് അക്കൗണ്ടിലേക്ക് തന്നെ പന്ത് നേരിട്ട് ട്രാൻസ്ഫർ ചെയ്‌തു നല്‍കുകയായിരുന്നു.
റബ്കവി ഗ്രാമത്തിൽ നിന്നുള്ള ജ്യോതി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 83 ശതമാനം മാർക്ക് നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വളരെ ആഗ്രഹിച്ചിരുന്നെങ്കിലും, ദാരിദ്ര്യവും സാമ്പത്തിക പരിമിതികളും അതിന് ഒരു വലിയ തടസ്സമായി.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ജ്യോതി ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബിസിഎ) കോഴ്‌സിൽ ചേർന്നെങ്കിലും ജ്യോതിയുടെ പിതാവിന് കോളേജ് ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവർ സാമ്പത്തിക സഹായം തേടി, ഗ്രാമത്തിലെ ഒരു പ്രാദേശിക കോൺട്രാക്ടറായ അനിൽ എന്ന വ്യക്തിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം കുടുംബത്തെ സഹായിക്കാൻ തന്‍റെ ക്രിക്കറ്റ് സർക്കിളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും അഭ്യർത്ഥന ഒടുവിൽ ഋഷഭ് പന്തിലെത്തുകയുമായിരുന്നു. ഇതറിഞ്ഞ പന്ത് ജ്യോതിയുടെ വിദ്യാഭ്യാസം ഒരു തടസ്സവുമില്ലാതെ ഉറപ്പാക്കാന്‍ തുക കോളജിലേക്ക് നല്‍കുകയായിരുന്നു.
സഹായത്തിന് നന്ദി അറിയിച്ച് ജ്യോതി റിഷഭ് പന്തിന് കത്തെഴുതി. ‘അദ്ദേഹത്തിന് ദൈവം നല്ല ആരോഗ്യം നൽകട്ടെ. ഈ സഹായം എനിക്ക് വളരെ പ്രധാനമാണ്. എന്നെപ്പോലുള്ള ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥികളെ അദ്ദേഹം തുടർന്നും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അനിൽ അന്നയോടും അക്ഷയ് നായിക് സാറിനോടും നന്ദിയുണ്ട്. അവരുടെ സഹായം ഒരിക്കലും മറക്കില്ലായെന്ന് ജ്യോതി കുറിച്ചു.