ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ കാല്‍വിരലിന് പൊട്ടലേറ്റിട്ടും ബാറ്റുചെയ്യാനെത്തി ഋഷഭ് പന്ത്. സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ 40 മത്സരങ്ങളില്‍ നിന്ന് നേടിയ 2717 റണ്‍സാണ് 38 മത്സരങ്ങളില്‍ പന്ത് മറികടന്നത്.
ഇന്നലെ 37 റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റ് മടങ്ങിയ ഋഷഭ് പന്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നായിരുന്നു കരുതിയത്. കാല്‍പ്പാദത്തില്‍ പൊട്ടലുള്ളതിനാല്‍ പന്തിന് പരമ്പര തന്നെ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാൽ ആരാധകരെ അമ്പരപ്പിച്ച് പന്ത് ക്രീസിലെത്തുകയായിരുന്നു. ഷാര്‍ദ്ദുല്‍ താക്കൂറിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് പന്ത് ക്രീസിലിറങ്ങിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 46 മത്സരങ്ങളില്‍ 2617 റണ്‍സടിച്ച വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. ശുഭ്മാന്‍ ഗില്‍(36 മത്സരങ്ങളില്‍ 2512), രവീന്ദ്ര ജഡേജ(43 മത്സരങ്ങളില്‍ 2232), യശസ്വി ജയ്സ്വാള്‍(23 മത്സരങ്ങളില്‍ 2089), കെ എല്‍ രാഹുല്‍(28 മത്സരങ്ങളില്‍ 1773) എന്നിവരാണ് റണ്‍വേട്ടയിലെ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ളത്.