എംഡിഎംഎയുമായി അറസ്റ്റിലായ റിൻസിക്ക് സിനിമാമേഖലയിൽ ഉന്നതബന്ധങ്ങൾ. കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു.
സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങൾ പൊലീസിന് മറുപടി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിൻറെയും വിറ്റതിൻറെയും കണക്കുകളും പൊലീസിന് കിട്ടി.
പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചു നൽകലായിരുന്നു പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി എത്തിച്ചുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിൻസി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പൊലീസ് എത്തിയത്.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം റിൻസിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയാണ് യാസർ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാൻസാഫ് കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് റിൻസി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസർ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്ന റിൻസിയുടെ ഫോണും പരിശോധിക്കുകയായിരുന്നു.