കാലിഫോര്‍ണിയ: മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു മാറ്റം വരാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ട്.് സമകാലിക മൊബൈല്‍ ഫോണുകളുടെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ ഉപകരണം അടുത്ത ടെക് വിപ്ലവമാകും എന്ന് സാം ആള്‍ട്ട്മാന്‍ അവകാശപ്പെട്ടു.
ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വരുന്ന ഉല്‍പന്നം രൂപത്തിലും പ്രവര്‍ത്തന രീതിയിലും നിലവിലെ സ്മാര്‍ട്ട്ഫോണോ സ്മാര്‍ട്ട് ഗ്ലാസോ പോലെയൊന്നും ആയിരിക്കില്ലെന്ന് ആള്‍ട്ട്മാന്‍ സൂചിപ്പിക്കുന്നു.
ഓപ്പണ്‍എഐയില്‍ ഒരു വര്‍ഷത്തിലേറെയായി പുതിയ എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ ഉപകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഈ ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്തൃ സൗഹൃദമായ രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ടൈപ്പിംഗ്, ടച്ച് ഇന്‍പുട്ടുകള്‍ എന്നിവയ്ക്ക് പകരം പുതിയ ഉപകരണം വോയ്‌സ് കമാന്‍ഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. ഇതുമൂലം ഈ ഉപകരണം അനായാസം സാധാരണ യൂസര്‍മാര്‍ക്ക് വരെ കൈകാര്യം ചെയ്യാനാകും എന്നാണ് പ്രതീക്ഷ.