Thursday, August 7, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഗോള്‍ഡ് ലോണ്‍ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം, നിബന്ധനകള്‍ പുറത്ത്

സ്വര്‍ണ്ണ പണയ വായ്പകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ്വ് ബാങ്ക് . ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്നതിന് ഏകീകൃത നിയമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുകയാണ് പുതിയ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.

വായ്പാ-മൂല്യ അനുപാതം

എല്ലാ വായ്പദാതാക്കളോടും (ബാങ്കുകളും എന്‍ബിഎഫ്‌സികളും) വായ്പാ-മൂല്യ അനുപാതം 75% ആയി പരിമിതപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്നു. ഇതിനര്‍ത്ഥം, 100 രൂപയുടെ ഈടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയാല്‍, വായ്പക്കാരന് പരമാവധി 75 രൂപയുടെ വായ്പ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ്.

ബുള്ളറ്റ് തിരിച്ചടവ് കാലാവധി:

സ്വര്‍ണ്ണ വായ്പകളിലെ ബുള്ളറ്റ് തിരിച്ചടവ് എന്നത് വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ മുതലും പലിശയും ഒരുമിച്ച് ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്ന രീതിയാണ്. ബുള്ളറ്റ് തിരിച്ചടവ് കാലാവധി 12 മാസമായി പരിമിതപ്പെടുത്താന്‍ ആര്‍ബിഐ കരട് നിയമം നിര്‍ദ്ദേശിക്കുന്നു. .

കടം വാങ്ങുന്നവര്‍ ഉടമസ്ഥാവകാശ രേഖ ഹാജരാക്കണം: ഈടായി ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ കടം വാങ്ങുന്നവര്‍ ഹാജരാക്കണമെന്ന് ആര്‍ബിഐ കരട് നിര്‍ദ്ദേശിക്കുന്നു. ‘ഈടായി നല്‍കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കില്‍ വായ്പ നല്‍കരുത്. സ്വര്‍ണ്ണം വാങ്ങിയതിന്റെ രസീത് ലഭ്യമല്ലെങ്കില്‍, ഈടിന്റെ ഉടമസ്ഥാവകാശം എങ്ങനെ നിര്‍ണ്ണയിച്ചു എന്ന് വിശദീകരിക്കുന്ന ഒരു രേഖയോ സത്യവാങ്മൂലമോ കടം വാങ്ങുന്നവരില്‍ നിന്ന് വാങ്ങണം,’ എന്ന് കരടില്‍ പറയുന്നു.

കടം വാങ്ങുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് സ്വര്‍ണ്ണ പരിശുദ്ധി സര്‍ട്ടിഫിക്കറ്റ് : സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് വായ്പക്കാരനും വായ്പ നല്‍കുന്ന സ്ഥാപനത്തിനും വ്യക്തത ഉറപ്പാക്കാന്‍, വായ്പ നല്‍കുന്ന സ്ഥാപനം പരിശുദ്ധി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കരട് നിര്‍ദ്ദേശിക്കുന്നു.

അംഗീകൃത രൂപങ്ങളില്‍ മാത്രം വായ്പ : വായ്പ എടുക്കാന്‍ കഴിയുന്ന സ്വര്‍ണ്ണത്തിന്റെ തരം ആര്‍ബിഐ കരടില്‍ നിര്‍വചിച്ചിട്ടുണ്ട്. കരട് അനുസരിച്ച്, ആഭരണങ്ങള്‍, സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവ മാത്രമേ സ്വര്‍ണ്ണ വായ്പയ്ക്കുള്ള ഈടായി സ്വീകരിക്കൂ. സ്വര്‍ണ്ണാഭരണങ്ങള്‍ ഒഴികെയുള്ള, സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതോ ഉണ്ടാക്കിയതോ ആയ ഏതെങ്കിലും വസ്തുക്കളോ, അലങ്കാരത്തിനോ, അലങ്കാര വസ്തുക്കള്‍ക്കോ, പാത്രങ്ങള്‍ക്കോ വായ്പ ലഭിക്കില്ല.

വെള്ളി ഈടായി നല്‍കിയും വായ്പ എടുക്കാം: പുതിയ കരട് അനുസരിച്ച് അംഗീകൃത വെള്ളി വസ്തുക്കള്‍ ഈടായി നല്‍കിയും വായ്പ അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കരട് അനുസരിച്ച്, വെള്ളി ആഭരണങ്ങള്‍, വെള്ളി ആഭരണ വസ്തുക്കള്‍, വെള്ളി നാണയങ്ങള്‍ എന്നിവ ഈടായി നല്‍കി വായ്പ നേടാം. ബാങ്കുകള്‍ വില്‍ക്കുന്ന കുറഞ്ഞത് 925 പരിശുദ്ധിയുള്ള പ്രത്യേകമായി നിര്‍മ്മിച്ച വെള്ളി നാണയങ്ങള്‍ മാത്രമേ അനുവദിക്കൂ.

സ്വര്‍ണ്ണത്തിന്റെ മൂല്യം : കരട് അനുസരിച്ച്, ഈടായി സ്വീകരിക്കുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി കണക്കാക്കണം. ഈടായി സ്വീകരിക്കുന്ന വെള്ളിയുടെ മൂല്യം 999 പരിശുദ്ധിയുള്ള വെള്ളിയുടെ വിലയില്‍ കണക്കാക്കണം.

വായ്പാ കരാര്‍: ഈടായി സ്വീകരിച്ച സ്വര്‍ണ്ണത്തിന്റെ വിവരണം, ഈടിന്റെ മൂല്യം, ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍, സ്വര്‍ണ്ണ ഈട് ലേലം ചെയ്യുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, ലേലം നടത്തുന്നതിന് മുമ്പ് വായ്പ തിരിച്ചടയ്ക്കുന്നതിനോ തീര്‍പ്പാക്കുന്നതിനോ കടം വാങ്ങുന്നയാള്‍ക്ക് അനുവദിക്കുന്ന അറിയിപ്പ് കാലാവധി, വായ്പ പൂര്‍ണ്ണമായി തിരിച്ചടച്ചതിന് ശേഷം ഈടായി നല്‍കിയ സ്വര്‍ണ്ണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി, സ്വര്‍ണ്ണത്തിന്റെ ലേലത്തില്‍ നിന്ന് ലഭിക്കുന്ന അധിക തുകയുടെ റീഫണ്ട്, മറ്റ് ആവശ്യമായ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണ്ണ വിവരങ്ങളോടെ വായ്പാ കരാര്‍ ഉണ്ടാകണമെന്ന് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.

സ്വര്‍ണ്ണ ഈട് തിരികെ നല്‍കല്‍: വായ്പ പൂര്‍ണ്ണമായി തിരിച്ചടച്ചതിന് ശേഷം അല്ലെങ്കില്‍ ഒത്തുതീര്‍പ്പാക്കിയതിന് ശേഷം വായ്പ നല്‍കുന്ന സ്ഥാപനം സ്വര്‍ണ്ണ ഈട് കടം വാങ്ങുന്നയാള്‍ക്ക് തിരികെ നല്‍കേണ്ട സമയപരിധി കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം അനുസരിച്ച്, പൂര്‍ണ്ണമായ പേയ്‌മെന്റ് ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം കടം വാങ്ങുന്നയാള്‍ക്ക് തിരികെ നല്‍കണം. കാലതാമസമുണ്ടായാല്‍, ഓരോ ദിവസത്തെ കാലതാമസത്തിനും 5,000 രൂപ വായ്പ നല്‍കുന്ന സ്ഥാപനം പിഴയായി നല്‍കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!