ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വെച്ച് ബിസിസിഐയുടെ പുതിയ മാർഗ നിർദേശങ്ങളിലെ ഒരു സുപ്രധാന നിയമം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. മത്സരത്തിൻ്റെ രണ്ടാം ദിനത്തില്‍ സ്റ്റേഡിയത്തിലേക്ക് ടീമിനൊപ്പമായിരുന്നില്ല ജഡേജ യാത്ര ചെയ്‌തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്ലെ കളിക്കാര്‍ക്കായി ബിസിസിഐ പുറപ്പെടുവിപ്പിച്ച സുപ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് എതിരാണിത്. മാര്‍ഗ നിര്‍ദേശമനുസരിച്ച് എല്ലാ ടീം അംഗങ്ങളും സ്റ്റേഡിയത്തിലേക്കും തിരിച്ചും ടീം ബസിൽ ഒരുമിച്ച് യാത്ര ചെയ്യുകയും പരിശീലന സെഷനുകളിൽ പങ്കെടുക്കുകയും വേണം. ടീമിന്റെ അച്ചടക്കം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മറ്റ് രീതിയിലുള്ള യാത്രകള്‍ ബിസിസിഐ കർശനമായി നിരോധിച്ചത്.
എന്നിരുന്നാലും, സ്റ്റേഡിയത്തിലേക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്‌ത ജഡേജയ്ക്ക് യാതൊരു ശിക്ഷയും ലഭിക്കാൻ സാധ്യതയില്ലെന്നും ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ടിൽ പറയുന്നുണ്ട്. മത്സരത്തിന് മുമ്പ് അധിക ബാറ്റിങ് പരിശീലനത്തിനായാണ് ടീമിലെ മറ്റ് അംഗങ്ങളേക്കാള്‍ നേരത്തെ ജഡേജ സ്റ്റേഡിയത്തിലെത്തിലേക്ക് എത്തിയത് എന്ന കാരണമാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
നേരത്തെ എത്തിയതിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ജഡേജ പ്രതികരിക്കുകയും ചെയ്‌തിരുന്നു.”നേരിടേണ്ടത് ന്യൂബോളായതിനാല്‍ അതിനായി കൂടുതല്‍ സജ്ജമാവണമെന്ന് എനിക്ക് തോന്നി. അതിനാലാണ് കൂടുതല്‍ ബോളുകള്‍ നേരിടാന്‍ നേരത്തെ എത്താന്‍ തീരുമാനിച്ചത്.
ന്യൂബോള്‍ കാണാൻ കഴിഞ്ഞാൽ, ബാക്കി ഇന്നിങ്‌സ് എളുപ്പമാകും. ഭാഗ്യവശാൽ, എനിക്ക് ഉച്ചഭക്ഷണം വരെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. എൻ്റെ പുറത്താവലിന് ശേഷം ഗില്ലിനൊപ്പാം വാഷിങ്‌ടണ്‍ സുന്ദറും മികച്ച രീതിയിലാണ് ബാറ്റ് ചെയ്‌തത്. -ജഡേജ വ്യക്തമാക്കി.