ഝാർഖണ്ഡിൽ 802 കുപ്പി വിലക്കൂടിയ മദ്യം എലികൾ കുടിച്ചുതീർത്തെന്ന വിചിത്രവാദവുമായി ഏജൻസി. ധൻബാദ് ജില്ലയിലെ ബാലിയപൂരിൽ നിന്നും പ്രധാൻകാന്തയിൽ നിന്നുമുള്ള ഏജൻസി ഓപ്പറേറ്ററാണ് എലികൾ മദ്യം കുടിച്ചുതീർത്തതായി അവകാശപ്പെട്ടത്. സംഭവം തട്ടിപ്പാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ പാർട്ടിയായ ബിജെപി ആവശ്യപ്പെട്ടു.
ധൻബാദ് ജില്ലയിലെ ബാലിയപൂരിൽ നിന്നും പ്രധാൻകാന്തയിൽ നിന്നുമുള്ള ഏജൻസി ഓപ്പറേറ്ററാണ് എലികൾ മദ്യം കുടിച്ചുതീർത്തതായി അവകാശപ്പെട്ടത്. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായി നടത്തിയ സ്റ്റോക്ക് കണക്കെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്.
ബാലിയപൂരിലേക്കും പ്രധാൻകാന്തയിലേക്കും വിതരണം ചെയ്യുന്ന കടയിൽ 802 കുപ്പി മദ്യത്തിന്റെ കുറവുണ്ടെന്ന് സ്റ്റോക്ക് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കുപ്പികളുടെ മൂടിയിൽ ദ്വാരം ഉണ്ടാക്കി എലികളാണ് കുടിച്ചതെന്നാണ് ഏജൻസി ഓപ്പറേറ്റർ വിശദീകരിച്ചത്. എന്നാൽ ഇവരുടെ വിചിത്രവാദം അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല.
വ്യാപാരികളോട് നഷ്ടപരിഹാരം നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ മദ്യക്കട പരിശോധിക്കാൻ ഒരു സംഘം രൂപീകരിച്ചതായും 802 മദ്യക്കുപ്പികൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയതായും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാംലീല റാവാനി പറഞ്ഞു.
മദ്യക്കുപ്പി നഷ്ടമായതിന് ഏജൻസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാവാനി പറഞ്ഞു. മദ്യക്കുപ്പികൾ വിതരണം ചെയ്യുന്ന ഏജൻസിക്ക് നോട്ടീസ് അയച്ചുകൊണ്ട് പണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എലികൾ മദ്യം കുടിച്ചു എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.