കടലിന്റെ ആഴങ്ങളിൽ കാണപ്പെടുന്ന ഓർ മത്സ്യങ്ങൾക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്നാണ് വിശ്വാസം. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിൽ വർഷങ്ങളായുള്ള വിശ്വാസം.
ഇപ്പോഴിതാ തമിഴ്നാട് തീരത്ത് നിന്ന് ഇത്തരമൊരു മത്സ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരിക്കുകയാണ്. ഇവർ ഈ ഭീമൻ മത്സ്യത്തെയും കൊണ്ട് നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരിക്കുകയാണ്.
ലോകത്ത് എല്ലുള്ള മത്സ്യങ്ങളിൽ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മീനിനെപ്പറ്റി ജപ്പാനിൽ വിവിധ കെട്ടുകഥകളുണ്ട്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ സൂചനയാണെന്ന് പറയപ്പെടുന്നു.കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്.
കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു.
പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല. .