തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടറുടെ പരാതിയിൽ റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തിരുന്നു. ഇപ്പോഴിതാ ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. യുവതിയില്‍ നിന്നും വേടന്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നതാണ് അതിലൊന്ന് . ഇതിന്റെ ഗൂഗിള്‍ പേ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.
കൂടാതെ തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയില്‍ ഏതാനും മാസം മുന്‍പ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് അന്വേഷിച്ചപ്പോള്‍ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് എന്ന് ഡോക്ടർക്ക്ബോധ്യമായി. സമാന ദുരനുഭവങ്ങള്‍ നേരിട്ട മറ്റു ചിലരോടും സംസാരിക്കാന്‍ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു.
എന്നാൽ പുതിയ കേസിനെ നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നുമാണെന്നുമാണ് വാദം . ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടന്‍ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും യുവ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.തുടര്‍ച്ചയായ പീഡനശേഷം വേടന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളര്‍ത്തിയെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.