വിഎസിന്റെ സംസ്ക്കാര ചടങ്ങിന്റെ തത്സമയ വിവരണത്തിനിടെ ഉമ്മൻചാണ്ടിയെ പരോക്ഷമായി അധിക്ഷേപിച്ചു സംസാരിച്ച റിപ്പോർട്ടർ ടിവി അവതാരകൻ ഡോ. അരുൺകുമാറിനെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം. നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തുന്നത്. ‘മുട്ട നല്ലതാണ്… പക്ഷെ ചീമുട്ടയായാൽ…?’എന്നു പറഞ്ഞ് കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്താണ്് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. വി ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധേം രേഖപ്പെടുത്തി.
ഡോ. അരുൺകുമാറിനേപ്പോലുള്ള മാധ്യമ പ്രവർത്തകർ കുറച്ചുകൂടി സാമാന്യ മര്യാദകൾ പുലർത്തുന്നത് നല്ലതാണെന്നാണ് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും ഓരോ രീതികളായിരിക്കും. ചിലർ മുഷ്ടി ചുരുട്ടും, ചിലർ മുദ്രാവാക്യം വിളിക്കും, ചിലർ പൂക്കളർപ്പിക്കും, ചിലർ മെഴുകുതിരി കത്തിക്കും, ചിലർ മൗനമായി നിൽക്കും, ചിലർ നോമ്പ് നോൽക്കും, ചിലർ ബലിയിടും, ചിലർ അനുസ്മരണ സമ്മേളനം നടത്തും, ചിലർ അന്നദാനമോ ചാരിറ്റി പ്രവർത്തനങ്ങളോ നടത്തും.
അവരവരുടെ വിശ്വാസവും ശീലങ്ങളുമൊക്കെയായിരിക്കും ഈ ഓരോ രീതികളിലേക്കും അവരെ നയിക്കുന്നത്. മറ്റുള്ളവരെ നേരിട്ട് ബുദ്ധിമുട്ടിക്കാത്തിടത്തോളം അതിലെ ശരിതെറ്റുകളും യുക്തിയുമൊക്കെ അത് ചെയ്യുന്നവർ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. പുറത്തുനിന്ന് ഒരാൾ ഇതിലൊക്കെ ഇടപെടുന്നതും വിധി പ്രഖ്യാപിക്കുന്നതും പരിഹസിക്കുന്നതും അൽപ്പത്തരവും ജനാധിപത്യ വിരുദ്ധവുമാണ്. ഡോ. അരുൺകുമാറിനേപ്പോലുള്ള മാധ്യമ പ്രവർത്തകർ കുറച്ചുകൂടി സാമാന്യ മര്യാദകൾ പുലർത്തുന്നത് നല്ലതാണ്.