ഏറെ പ്രതീക്ഷയോടെ സിനിമാലോകവും പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്ന രജനി ചിത്രമാണ് കൂലി. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത് . സിനിമയിൽ എത്തുന്നതിന് മുൻപ് ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തതിന് താൻ വല്ലാതെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
‘ഒരു ദിവസം ഒരാൾ തന്റെ ടെമ്പോയിലേക്ക് ഒരു ലഗേജ് കയറ്റാൻ എന്നോട് ആവശ്യപ്പെടുകയും അതിന് രണ്ട് രൂപ തരുകയും ചെയ്തു. അയാളുടെ ശബ്ദം എനിക്ക് പരിചിതമായി തോന്നി, ഞാൻ കോളേജിൽ കളിയാക്കിയിരുന്ന എന്റെ സഹപാഠിയായിരുന്നു അതെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു.
‘അന്നൊക്കെ നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു’ എന്നു പറഞ്ഞ് എന്റെ ജോലിയെ അയാൾ പരിഹസിച്ചു. ജീവിതത്തിൽ ഞാൻ ആദ്യമായി പൊട്ടിക്കരഞ്ഞത് അന്നാണ്’ അദ്ദേഹം പറയുന്നു. രജനി അനുഭവം പങ്കുവെച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന ആരാധകരുടെയും കണ്ണുനിറഞ്ഞു.
ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.