തെന്നിന്ത്യയുടെ തലൈവര്‍ രജനികാന്തിനെതിരെ സോഷ്യല്‍ മീഡിയ. കൂലിയുടെ പ്രീ-റിലീസ് ഇവന്റില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് രജനികാന്ത് പുലിവാൽ പിടിച്ചിരിക്കുന്നത്.വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൂലി. ഈ സിനിമയിൽ രജനിക്കൊപ്പം മലയാളത്തിന്റെ സൗബിന് ഷാഹിറും ബോളിവുഡ് താരം ആമിര്‍ ഖാനുമൊക്കെ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ഇവർ ഇരുവരേയും കുറിച്ച് രജനികാന്ത് പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോൾ താരത്തിനെതിരെ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്. രജനികാന്ത് സൗബിനേയും ആമിര്‍ ഖാനേയും ബോഡി ഷെയ്മിങ് നടത്തിയെന്നാണ് വിമര്‍ശനം.
കൂലിയില്‍ ദയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൗബിനെയാണ് ലോകേഷ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് രജനി പറയുന്നത്. സൗബിന് കഷണ്ടിയാണെന്നും ഇയാളെക്കൊണ്ട് ഇത് പറ്റുമോ എന്ന് താന്‍ ചിന്തിച്ചുവെന്നുമാണ് രജനികാന്ത് പറയുന്നത്. സ്വന്തം കഷണ്ടി മറന്നാണോ സൗബിന്റെ കഷണ്ടിയെ കളിയാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ആമിര്‍ ഖാന് ബോളിവുഡിന്റെ കമല്‍ഹാസനാണെന്ന് പ്രശംസിക്കുന്നുണ്ട് രജനികാന്ത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുള്ളനെന്ന് വിളിച്ചതാണ് രജനിയെ വെട്ടിലാക്കുന്നത്. ബോളിവുഡില്‍ ഒരു ഭാഗത്ത് ഷാരൂഖ് ഖാനും മറുവശത്ത് സല്മാന് ഖാനുമുണ്ട്. രണ്ടിനും നടുവില്‍ കുള്ളനായ ആമിര്‍ ഖാനും. എങ്ങനെ പിടിച്ചു നില്ക്കും എന്നായിരുന്നു രജനിയുടെ ചോദ്യം.
സ്വന്തം ലുക്കിനെക്കുറിച്ചുള്ള പൊതുബോധത്തെ പരിഹസിക്കുന്ന രജനികാന്ത് എന്തുകൊണ്ടാണ് മറ്റുള്ളവരെ അതേതരത്തില്‍ വിലയിരുത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രജനികാന്ത് ആയതിനാല്‍ ആരും ഇതൊന്നും ചോദ്യം ചെയ്യില്ല എന്ന വിചാരമാണോയെന്നും ചോദ്യമുയരുന്നുണ്ട്.