ഇന്ത്യയുടെ റഫാൽ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനും ചൈനയും . ഈ നുണക്കഥ സോഷ്യൽമീഡിയയിലൂടെ ഇവർ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. പാകിസ്ഥാന് ഇതൊരു പൊങ്ങച്ചക്കഥയാണെങ്കിൽ ചൈനയ്ക്ക് അത് തങ്ങളുടെ ആയുധങ്ങൾ വിൽക്കാനുള്ള പരസ്യമാണ്. ചൈനയുടെ ഇത്തരം പ്രചരണത്തിനെതിരെ ഫ്രാൻസ് രംഗത്തുവന്നതും ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ഒരു റഫാൽ യുദ്ധവിമാനം നഷ്ടമായെങ്കിലും അത് ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വെടിവെച്ചിട്ടതല്ലെന്ന് റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന ദസോ ഏവിയേഷൻ കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപിയർ.
സാധാരണയിലും കവിഞ്ഞ ഉയരത്തിൽ പറക്കുകയായിരുന്ന റഫാൽ വിമാനമാണ് സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടതെന്ന് ട്രാപിയറെ ഉദ്ധരിച്ച് ഫ്രഞ്ച് വെബ്‌സൈറ്റായ അവിയോൺ ഡി ഷാസ് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ സംഘർഷത്തിൽ ഇന്ത്യക്ക് റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ദസോ ചെയർമാൻ തള്ളിയത്. ഇന്ത്യ- പാക് സംഘർഷത്തിൽ വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രാപിയർ ഉറപ്പിച്ചു പറയുന്നു.
12,000 മീറ്ററിലധികം ഉയരത്തിൽവെച്ച് പരിശീലനത്തിനിടെയാണ് ഒരു വിമാനം നഷ്ടപ്പെട്ട സംഭവം നടന്നതെന്നും ഇതിൽ ശത്രുക്കളുടെ ഇടപെടലോ റഡാറിൽ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, റഫാലിനെ നേരിട്ടു പരാമർശിക്കാതെ ചില നഷ്ടങ്ങൾ ഉണ്ടായെന്ന് ഇന്ത്യ സമ്മതിച്ചിരുന്നു.
ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാനിൽ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാൽ, എന്താണ് നഷ്ടമായതെന്ന്അ ദ്ദേഹം വ്യക്തമാക്കിയതുമില്ല. എന്നാൽ റഫാലുകൾ ഉൾപ്പെടെ ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം തീർത്തും തെറ്റാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.