കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുത്തു. വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്.
രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ അവസ്ഥയായിരുന്നു. മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരമാണ് ലോങ് ബൂം ഹിറ്റാച്ചി എത്തിച്ചത്.