ചോദിച്ച പണം കിട്ടാത്തതിന്റെ പേരിൽ കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് ഭീമനടി സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ധനസഹായം ചോദിച്ചെത്തിയ സാവിയർ കുഞ്ഞുമോൻ എന്ന മുസ്തഫ പണം പോരെന്ന് പറഞ്ഞാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം.
ധനസഹായം ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. മുസ്തഫ ആവശ്യപ്പെട്ട പണം നൽകാൻ വൈദികൻ തയ്യാറായില്ല. തുടർന്നാണ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈദികനെ കുത്തിയത്. വൈദികന്റെ വയറിനും വലതു കൈക്കുമാണ് കുത്തേറ്റത്.
വൈദികന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന വൈദികരും സന്ദർശകരും ചേർന്നാണ് മുസ്തഫയെ കീഴ്പ്പെടുത്തിയത്. തുടർന്ന് സിറ്റി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. മറ്റൊരു വൈദികനിൽ നിന്ന് കിട്ടാനുളള പണം ആവശ്യപ്പെട്ട് കുഞ്ഞുമോൻ നേരത്തെയും ബിഷപ് ഹൗസിലെത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഒരു വൈദികന് വേണ്ടി തൊഴിലെടുത്തതിന്റെ പണം ചോദിച്ച് ഇതിന് മുമ്പും എത്തിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ തന്നെ പറയുന്നു. രണ്ട് ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നാണ് പ്രതിയുടെ വാദം.