ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് എത്തിച്ചിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രതിയ്ക്ക് വിധിച്ചത്. ഇപ്പോൾ വിചാരണത്തടവുകാരനല്ലാത്ത 33 കാരനായ പ്രജ്വലിനെ 15528-ാം നമ്പർ കുറ്റവാളിയായി രേഖപ്പെടുത്തി ജയിലിലെ കുറ്റവാളി ബാരക്കിലേക്ക് മാറ്റി.
പ്രജ്വൽ ഇനിമുതൽ ക ർശനമായ ജയിൽ നടപടിക്രമങ്ങളാണ് പാലിക്കേണ്ടി വരിക, ദിവസവും എട്ട് മണിക്കൂർ നിർബന്ധിത ജോലി ചെയ്യും. കർണാടക ജയിൽ മാനുവൽ അനുസരിച്ച്, മറ്റ് ഏതൊരു തടവുകാരനെയും പോലെ അദ്ദേഹത്തോടും പെരുമാറുമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
ജയിലിലെ ബേക്കറി ജോലി, പൂന്തോട്ടപരിപാലനം, ക്ഷീരകർഷകൻ, പച്ചക്കറി കൃഷി, മരപ്പണി, അല്ലെങ്കിൽ കരകൗശല വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന നിരവധി നിയുക്ത ജോലികളിൽ ഒന്ന് അയാൾക്കും തിരഞ്ഞെടുക്കാം.നിലവിൽ, അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിമാസം 524 രൂപ ലഭിക്കും.
സന്തോഷ് ഗജാനൻ ഭട്ട് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതിൽ 7 ലക്ഷം രൂപ ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകും. ശിക്ഷാ വാദം കേള്‍ക്കവേ പ്രജ്വൽ രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞു. ‘ഞാൻ ഒന്നിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്നാണ് ആരോപണം. പക്ഷേ ഈ സ്ത്രീകളിൽ ആരും തന്നെ പരാതി നൽകാൻ സ്വമേധയാ വന്നിട്ടില്ല.
എനിക്ക് ഒരു കുടുംബമുണ്ട്. എൻ്റെ അമ്മയെയും അച്ഛനെയും ആറ് മാസമായി ഞാൻ കണ്ടിട്ടില്ല. ഒരു തെറ്റും ചെയ്‌തിട്ടില്ല. രാഷ്ട്രീയത്തിലെ ‘വേഗത്തിലുള്ള’ വളർച്ച മാത്രമാണ് തൻ്റെ തെറ്റെന്നും’ പ്രജ്വൽ രേവണ്ണ കോടതിയിൽ പറഞ്ഞു. എന്നാൽ ഈ അപേക്ഷ കൈക്കൊള്ളാൻ കോടതി തയ്യാറായില്ല.
ജൂലൈ 18 ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ബലാത്സംഗ കേസിൻ്റെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു.