ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ട് പോലീസ്. കൊടും കുറ്റവാളിയാണ് ജയിൽ ചാടിയിരിക്കുന്നത് എന്നതു കൊണ്ടാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത് എന്നാണ് നിഗമനം.
പത്താം ബ്ലോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ സെല്ലിൽ കാണാതായത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഒറ്റക്കയ്യനാണ് ഗോവിന്ദച്ചാമി.
പ്രതിക്ക് പുറത്തുനിന്നും സഹായം ലഭിച്ചുവെന്ന സൂചനകളാണ് പുറത്തുവരുന്നുണ്ട്. ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാത്രി ഒന്നേകാൽ മണിയോടെ ഗോവിന്ദച്ചാമി മതിലിന് അരികിലേക്ക് എതതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതിസുരക്ഷാ ജയിലിലെ കമ്പി വളച്ചും മുറിച്ചും തുണി കെട്ടിയുമാണ് ഇയാൾ ജയിൽചാടിയത്. ശേഷം ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മതിലിന്റെ മുകളിൽ ഇരുമ്പ് കമ്പി കൊണ്ടുള്ള ഫെൻസിംഗ് ഉണ്ട്. ഇത് വഴിയാണ് തുണി വടമാക്കി മതിലിൽ കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി. സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.