ഇന്ത്യയുടെ വജ്രായുധം പിനാകയുടെ പുതിയ പതിപ്പ് അണിയറയിലൊരുങ്ങുന്നു. യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന പിനാകയുടെ പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴിലുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ( ARDE) ആണ് യുദ്ധവിമാനത്തില്‍നിന്ന് പ്രയോഗിക്കാവുന്ന പിനാക റോക്കറ്റിന്റെ പതിപ്പ് വികസിപ്പിക്കുന്നത്.
സുഖോയ് എസ്.യു-30 എകെഐ, റഫാല്‍, മിറാഷ്-2000, തേജസ് എന്നീ യുദ്ധവിമാനങ്ങളിലാണ്പി നാക നിലവിൽ ഘടിപ്പിക്കുക. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇസ്രയേല്‍ മിസൈലായ റാംപേജിന് പകരമായി മാറും പിനാക. 300 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാകയുടെ നാലാമത്തെ ജനറേഷന്‍ വികസന ഘട്ടത്തിലാണ്.
ഇതിന്റെ പരീക്ഷണം ഉടൻ തന്നെ നടത്താനാണ് തീരുമാനം. ആക്രമണപരിധി കൂടിയ പിനാകയുടെ ഈ പതിപ്പായിരിക്കും യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാധുനിക ഗതിനിര്‍ണയ സംവിധാനങ്ങളുമുണ്ട്. അതിനാല്‍ ഒരു എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈലായി പ്രവര്‍ത്തിക്കാനാകും. 120 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാക 3-യുടേയും യുദ്ധവിമാന പതിപ്പ് വന്നേക്കുമെന്നും വിവരമുണ്ട്.
ഇവ കൃത്യതയിലും ഗുണനിലവാരത്തിലും മുന്നിലാണെന്ന് മാത്രമല്ല, സമാനരീതിയിലുള്ള മറ്റ് ആയുധങ്ങളെ താരതമ്യം ചെയ്ത് നോക്കുമ്പോൾ വിലയും കുറവാണ്. എന്നാല്‍, ആയുധത്തിന്റെ കാര്യത്തില്‍ വിദേശ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് സേനയുടെ നിലവിലെ പ്രധാനലക്ഷ്യം. ഇതിനിടെയാണ് എ.ആര്‍.ഡി.ഇ പിനാകയുടെ യുദ്ധവിമാന പതിപ്പ് വികസിപ്പിക്കാനൊരുങ്ങുന്നത്.