ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് സൗദി അറേബ്യ ആസ്ഥാനമായുള്ള വാര്‍ത്താ ചാനലായ അല്‍ അറേബ്യയുടെ അവതാരിക ചോദിച്ചപ്പോള്‍ ഒന്നും കേള്‍ക്കാന്‍ വയ്യെന്നും അല്പം കൂടി ഉറക്കെ സംസാരിക്കാനും ആവശ്യപ്പെട്ട് പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. തനിക്ക് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അല്പം കുടി ശബ്ദം കൂട്ടാനും ഖ്വാജ മുഹമ്മദ് ആസിഫ് ആവശ്യപ്പെടുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുയാണ്. ഇതിന് പിന്നാലെ ഇന്ത്യയുടെ വെടി ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ചെവിക്കല്ല് അടിച്ച് പോയിക്കാണുമെന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടോ?’അല്‍ അറേബ്യയുടെ അവതാരിക ഖ്വാജ ആസിഫിനോട് ചോദിച്ചു. അതിനു മറുപടിയായി മന്ത്രി ഒരു നിമിഷം നിര്‍ത്തി, ‘എനിക്ക് നിങ്ങളെ ശരിയായി കേള്‍ക്കാന്‍ കഴിയുന്നില്ല’ എന്നായിരുന്നു ആസിഫിന്റെ പ്രതികരണം . ഇതിന് പിന്നാലെ അവര്‍ പരമാവധി ഉച്ചത്തില്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു ‘ഇപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാമോ എന്ന് ചോദിച്ചു. പക്ഷേ അപ്പോഴും ‘ഇല്ല, കേള്‍ക്കാന്‍ കഴിയുന്നില്ല. ദയവായി അല്പം ശബ്ദമുയര്‍ത്തൂ.’ എന്നാണ് ഖ്വാജ ആസിഫ് മറുപടി പറയുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേരാണ് കുറിപ്പുമായി രംഗത്തെത്തിയത്.
അതേസമയം, പാക് പ്രതിരോധ മന്ത്രിയായിട്ടും സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന തരത്തിലുള്ള പ്രസ്താവനകളായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും എപ്പോഴും ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിട്ടും. ഇന്ത്യന്‍ സൈനിക വിമാനം പാക് സൈന്യം വെടിവച്ച് ഇട്ടെന്നും അതിനുള്ള തെളിവ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം നിരന്തരം ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു.