മത്സരത്തിൽ തോറ്റതിന് അശ്ലീല ആംഗ്യം കാണിച്ച പാക് കായിക താരത്തിനെതിരെ ഉയരുന്നത് രൂക്ഷവിമർശനം. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിനിടെ പാകിസ്ഥാൻ സ്ക്വാഷ് താരമായ മെഹ്‌വിഷ് അലിയാണ് മോശമായി പെരുമാറി വിവാദത്തിലകപ്പെട്ടത്.
പ്രീ-ക്വാർട്ടർ ഫൈനലിൽ ഹോങ്കോങ്ങിന്റെ ചുങ് വൈ എൽ 1-13, 5-11, 11-13, 4-11 എന്ന സ്‌കോറിന് പാക് താരത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം, ഷെയ്ക്ക് ഹാൻഡ് നൽകുന്നതിന് പകരം തോറ്റതിൽ സമനില തെറ്റിയ പാക് താരം അശ്ലീല ആംഗ്യമാണ് കാണിച്ചത്.
പ്രീക്ക്വാർട്ടർ ഫൈനലിലെ കളിക്കളത്തിൽ വച്ചു തന്നെ ഇതിനെതിരെ ഹോങ്കോംഗ് താരം പ്രതിഷേധിച്ചതിനാൽ മെഹ്‌വിഷ് അലിക്കെതിരെ അച്ചടക്ക നടപടി എടുത്തേക്കുമെന്നാണ് വിവരം.
കളിക്കളങ്ങളിൽ ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങളുടെ പേരിൽ പാകിസ്ഥാൻ കായിക താരങ്ങൾ വിവാദത്തിലാകുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല.മേയിൽ നടന്ന അണ്ടർ 16 ഡേവിസ് കപ്പ് മത്സരത്തിനിടെ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ഷെയ്ക്ക് ഹാൻഡ് നൽകാൻ പോയ ഒരു ഇന്ത്യൻ കളിക്കാരനെ പാകിസ്ഥാൻ കളിക്കാരൻ അടിച്ചതായിരുന്നു ഇത്.