2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശുപാർശ ചെയ്യാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ പാകിസ്ഥാനിൽ തമ്മിലടി. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ-എഫ്) വിഭാഗത്തിന്റെ തലവനായ മൗലാന ഫസ്ലുർ റഹ്മാൻ, സർക്കാരിന്റെ ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി വാർത്തകളുണ്ട്.
പാകിസ്ഥാൻ ഇന്ത്യയുടെ പ്രതിരോധ സേനയെ നശിപ്പിച്ചു എന്നാൽ ട്രംപ് ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പലസ്തീൻ, സിറിയ, ലെബനൻ, ഇറാൻ എന്നിവയ്‌ക്കെതിരായ ഇസ്രായേലി ആക്രമണങ്ങളെ ട്രംപ് പിന്തുണച്ചിട്ടുണ്ട്. ഇത് എങ്ങനെ സമാധാനത്തിന്റെ അടയാളമാകുമെന്നും അദ്ദേഹം ചോദിച്ചു. അഫ്ഗാനികളുടെയും പലസ്തീനുകളുടെയും രക്തം അമേരിക്കയുടെ കൈകളിൽ പുരണ്ടിരിക്കെ, ട്രംപിന് എങ്ങനെ നോബേൽ സമ്മാനം നൽകുമെന്ന് അദ്ദേഹം ചോദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ചെയ്തതിന് പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ട്രംപിന്റെ നയതന്ത്ര ഇടപെടലിന് നോബൽ സമാധാന സമ്മാനത്തിന് ശുപാർശ ചെയ്തുകൊണ്ട് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ നോർവേയിലെ സമാധാന നോബൽ സമ്മാന സമിതിക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ സൈനിക മേധാവി ജനറൽ അസിം മുനീറിനെ ട്രംപ് വിരുന്നിന് ക്ഷണിച്ചിരുന്നു.